കൂത്താട്ടുകുളം: മുഖ്യമന്ത്രിയുടെ നൂറുദിന കർമ്മപദ്ധതിയിൽ ഉൾപ്പെടുത്തി കൂത്താട്ടുകുളം ഗവ.യു.പി സ്കൂളിൽ മാതൃകാ പ്രീ പ്രൈമറികൾ ഒരുങ്ങുന്നു. സമഗ്രശിക്ഷ അഭിയാൻ കേരള പ്രൊജക്ടിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുക. പദ്ധതിക്ക് 15 ലക്ഷം രൂപ അനുവദിച്ചതായി ജില്ലാപ്രൊജക്ട് കോ ഓഡിനേറ്റർ ഉഷ മാനാട്ട്, ഡി.പി.ഒ ജോസ് പെറ്റ് ജേക്കബ് എന്നിവർ പറഞ്ഞു.
പൊതുവിദ്യാഭ്യാസ സംക്ഷണ യജ്ഞഞത്തിന്റെ ഭാഗമായാണ് പ്രീപ്രൈമറികൾ അന്തർദേശീയ നിലവാരത്തിലേക്ക് ഉയർത്താനുള്ള പദ്ധതികൾ നടപ്പാക്കുന്നത്. പ്രീപ്രൈമറി വിഭാഗത്തിന് പ്രത്യേക കാമ്പസ്, ആകർഷണീയമായ കവാടം, ശിശുസൗഹൃദ്ധ നടപ്പാതകൾ, ശലഭോദ്യാനം, കുട്ടി പാർക്കുകൾ, ഡിജിറ്റൽ സൗകര്യത്തോടുകൂടിയ മിനി ഓഡിറ്റോറിയം, കളിസ്ഥലം, പ്രവർത്തനാധിഷ്ഠിത ക്ലാസ് മുറികൾ തുടങ്ങിയവയൊരുക്കും.
സ്കൂളും ക്ലാസ് മുറികളും പഠനോപകരണമായി മാറുന്ന തരത്തിൽ കുട്ടികളുടെ വിവിധ ശേഷികൾ വികസിപ്പിക്കുന്നതിനാവശ്യമായ ഭൗതിക മാറ്റങ്ങളും സൗന്ദര്യവത്കരണമുൾപ്പെടെ പദ്ധതിയുടെ ഭാഗമായുണ്ട്. മികച്ച രീതിയിലള്ള പഠനാനുഭവങ്ങൾ ലഭ്യമാക്കാൻ അദ്ധ്യാപികമാർക്ക് അക്കാഡമികതല പരിശീലനവും നൽകും. മാർച്ച് 31ന് മുമ്പ് പദ്ധതി പൂർത്തീകരിക്കും. ജില്ലയിലെ മികച്ച സർക്കാർ സ്കൂളായ കൂത്താട്ടുകുളത്ത് 960 കുട്ടികളാണ് പഠിക്കുന്നത്.ഇതിൽ 198 കുട്ടികൾ പ്രീ പ്രൈമറി വിഭാഗത്തിലാണ്.