മൂവാറ്റുപുഴ: കൃഷി ചെയ്യുന്ന തെക്കുംമല പാടശേഖരം കരഭൂമിയാക്കി രേഖകൾ സൃഷ്ടിച്ച് നികത്തുന്നതിന് അനുമതി നൽകുന്നതിന് കൂട്ട് നിന്ന മുൻ കൃഷി ഓഫീസർക്കെതിരെ നടപടിയെടുക്കണമെന്നും പാടശേഖരത്തിൽ ഇട്ട മണ്ണ് നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് എൽ .ഡി .എഫ് നേതാക്കളായ ഇ.കെ.സുരേഷും എം.കെ. മധുവും കൃഷി വകുപ്പ് മന്ത്രി പി.പ്രസാദിന് പരാതി നൽകി. ഇന്നലെ ചേർത്തലയിൽ കൃഷി വകുപ്പ് മന്ത്രിയുടെ കൃഷിയിടത്തിൽ വച്ചാണ് മന്ത്രിക്ക് പരാതി നൽകിയത്.
തെക്കുംമല പാടശേഖരം കരഭൂമിയാക്കി രേഖകൾ സൃഷ്ടിച്ച് പാടശേഖരം നികത്തുന്നതിൽ ഉദ്യോഗസ്ഥരുടെ പക്കൽ നിന്നു ഗുരുതരമായ ക്രമക്കേടുകൾ ഉണ്ടായിട്ടുണ്ടെന്നു വ്യക്തമാക്കുന്ന രേഖകളും തെളിവുകളും സഹിതം എൽ. ഡി .എഫ് മഞ്ഞള്ളൂർ പഞ്ചായത്ത്കമ്മിറ്റി നേരത്തെ റവന്യു മന്ത്രി കെ.രാജനെ നേരിൽ കണ്ട് പരാതി നൽകിയിരുന്നു.
വാഴക്കുളത്തിനു സമീപം തെക്കുംമല പാടശേഖരം നികത്തുന്നതിനെതിരെ ഉയർന്ന പരാതികളെ തുടർന്ന് മന്ത്രിയുടെ നിർദ്ദേശ പ്രകാരം കലക്ടർ ജാഫർ മാലിക്കും ആർ.ഡി.ഒയും കഴിഞ്ഞ ദിവസം സ്ഥലത്തെത്തി സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. ഉദ്യോഗസ്ഥരുടെ ഒത്താശയോടെ പാടശേഖരം സർക്കാർ രേഖകളിൽ കരയാക്കി ഉൾപ്പെടുത്തിയ വിവരങ്ങളാണ് പുറത്തുവന്നത്. ഇതേ തുടർന്നാണ് ലാൻഡ് റവന്യൂ ഡപ്യൂട്ടി കളക്ടർ, മുൻ കൃഷി ഓഫിസർ, മുൻ വില്ലേജ് ഓഫിസർ എന്നിവർക്കെതിരെ പരാതി നൽകിയത്. 2008 ഓഗസ്റ്റ് 12 ന് മുമ്പ് നികത്തിയതായി മുൻ കൃഷി ഓഫിസർ സാക്ഷ്യപ്പെടുത്തിയ നെൽവയൽ ഇപ്പോഴും നിലമാണെന്നു വ്യക്തമാക്കി നിലവിലുള്ള കൃഷി ഓഫീസർ കളക്ടർക്കു റിപ്പോർട്ടുകൾ നൽകിയതിനു ശേഷവും ഇവിടെ പാടം നികത്തിയിരുന്നു. മൂവാറ്റുപുഴ തൊടുപുഴ സംസ്ഥാന പാതയോടു ചേർന്ന് കോടികൾ വിലമതിക്കുന്ന തെക്കുംമല പാടശേഖരം നികത്തുന്നതിനെതിരെ വൻ പ്രതിഷേധമാണ് ഉയർന്നിരുന്നത്. പരമ്പരാഗതമായി കൃഷി ചെയ്തിരുന്ന പാടശേഖരങ്ങൾ ഡേറ്റാ ബാങ്കിൽ കൃത്രിമം കാട്ടി നികത്തുന്നതിന് ഉദ്യോഗസ്ഥർ പിന്തുണ നൽകുന്നതായി ആരോപിച്ച് എൽ.ഡി.എഫ് മഞ്ഞള്ളൂർ പഞ്ചായത്ത്കൺവീനർ ഇ.കെ.സുരേഷിന്റെ നേതൃത്വത്തിൽ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് ഹൈക്കോടതി സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു.