highcourt

കൊച്ചി: കൊവിഡ് രൂക്ഷമായ സി കാറ്റഗറി ജില്ലകളിൽ തിയേറ്ററുകൾ അടച്ചിടാനുള്ള ഉത്തരവിനെതിരെ തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക് നൽകിയ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. മറുപടി സത്യവാങ്മൂലം നൽകാൻ ജസ്റ്റിസ് എൻ. നഗരേഷ് സർക്കാരിനു നിർദ്ദേശം നൽകി. നിലവിൽ ഒരു ജില്ലയും സി കാറ്റഗറിയിലില്ലെന്ന് സർക്കാർ കോടതിയിൽ വ്യക്തമാക്കി. തിയേറ്ററുകൾ അടച്ചിടണമെന്ന ഉത്തരവ് നിലവിലില്ലെന്നും വിശദീകരിച്ചു. കോടതിയുടെ അനുമതിയില്ലാതെ ഭാവിയിൽ തിയേറ്ററുകൾ അടയ്ക്കാൻ പറയരുതെന്നു നിർദ്ദേശിക്കണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടെങ്കിലും സിംഗിൾബെഞ്ച് നിരസിച്ചു. ഹർജി ഫയലിൽ സ്വീകരിച്ച സിംഗിൾ ബെഞ്ച് പരാതിക്കാർക്ക് വീണ്ടും പ്രശ്നം നേരിടുന്ന ഘട്ടത്തിൽ ഹർജി പരിഗണിക്കാൻ ആവശ്യപ്പെടാം എന്നു വ്യക്തമാക്കി കേസ് മാറ്റി.