dileep-case

കൊച്ചി: തനിക്കെതിരെയുള്ള കേസിൽ അന്വേഷണ സംഘവും പ്രോസിക്യൂഷനും സ്വീകരിച്ച നടപടികൾ വ്യക്തതയില്ലാത്തതും കെട്ടിച്ചമച്ചതുമാണെന്ന വാദമാണ് ദിലീപ് കോടതിയിൽ ഉന്നയിച്ചത്.

മിമിക്രിയാണ് ശബ്ദരേഖ: ബാലചന്ദ്രകുമാർ ഹാജരാക്കിയ ശബ്ദരേഖകൾ എഡിറ്റ് ചെയ്തതും വ്യക്തതയില്ലാത്തതുമാണ്. ഇവ മിമിക്രിക്കാരെക്കൊണ്ട് റെക്കാഡ് ചെയ്യിച്ചതാണെന്നും പരിശോധിക്കേണ്ടതുണ്ടെന്നും വാദിച്ചു.

മൊഴികളിലെ വൈരുദ്ധ്യം: അന്വേഷണോദ്യോഗസ്ഥർ അനുഭവിക്കുമെന്ന് ദിലീപ് പറഞ്ഞെന്നാണ് ബാലചന്ദ്രകുമാറിന്റെ ആദ്യമൊഴി. പിന്നീട് മൊഴികളിൽ, എ.ഡി.ജി.പിയായിരുന്ന ബി. സന്ധ്യ, എ.വി. ജോർജ്, സോജൻ, സുദർശൻ, അന്വേഷണോദ്യോഗസ്ഥനായ ബൈജു പൗലോസ് തുടങ്ങിയവരുടെ പേരുകൾ കൂട്ടിച്ചേർത്തു. മൊഴികൾ കെട്ടിച്ചമച്ചതാണെന്ന വാദത്തിന് ഹൈക്കോടതി പരിഗണന നൽകാൻ ഇത് കാരണമായി.

ഫ്ളാറ്റ് മാറി: എറണാകുളം എം.ജി റോഡിൽ മഞ്ജു വാര്യരുടെ പേരിലുള്ള മേത്തർ ഹോം ഫ്ളാറ്റിൽ ഗൂഢാലോചന നടത്തിയെന്ന് പ്രോസിക്യൂഷൻ പറയുമ്പോൾ അങ്ങനെയൊരു ഫ്ളാറ്റ് ഇല്ലെന്നും ശ്രീകണ്ഠത്ത് റോഡിൽ ദിലീപിന്റെ പേരിൽ മേത്തർ ഗ്രൂപ്പിന്റെ മറ്റൊരു ഫ്ളാറ്റ് ഉണ്ടെന്നും ഇതിലേക്കാണ് അന്വേഷണ സംഘം കഥ എത്തിക്കുന്നതെന്നും വാദിച്ചു.

മദ്യമൊഴി: ദിലീപിന്റെ വീട്ടിൽ ഗൂഢാലോചന നടന്നെന്ന ശബ്ദരേഖയും മൊഴിയും തെളിവായി പരിഗണിക്കുമ്പോൾ സംഭവസമയം ദിലീപ് മദ്യപിക്കുകയായിരുന്നെന്ന് മൊഴിയിൽ പറയുന്നുണ്ട്. മദ്യപിച്ചു പറയുന്ന കാര്യങ്ങൾ ഗൂഢാലോചനയ്ക്ക് തെളിവാകുമോയെന്ന് കോടതി ചോദിച്ചിരുന്നു.

മാദ്ധ്യമവേട്ട: ദിലീപിനെയും കുടുംബത്തെയും മാദ്ധ്യമങ്ങളുടെ സഹായത്തോടെ ക്രൈംബ്രാഞ്ച് വേട്ടയാടുന്നെന്നും മാദ്ധ്യമ വിചാരണയാണ് നടക്കുന്നതെന്നും വ്യക്തമാക്കി. നടിയെ ആക്രമിച്ച കേസിലെ വിചാരണ പൂർത്തിയാക്കാതെ നീട്ടിക്കൊണ്ടു പോകാനുള്ള നീക്കമാണിതെന്നും ചൂണ്ടിക്കാട്ടി.

വ്യാജ തെളിവുണ്ടാക്കാൻ നീക്കം: നടിയെ ആക്രമിച്ച കേസിലെ നിർണായക ദൃശ്യങ്ങൾ തന്റെ പക്കൽ നിന്ന് കണ്ടെടുത്തെന്ന് തെളിവുണ്ടാക്കാനാണ് തന്നെ അറസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നതെന്ന് വാദിച്ചു. കസ്റ്റഡിയിൽ ലഭിച്ചാൽ വ്യാജ തെളിവുണ്ടാക്കുമെന്നും വാദിച്ചു.