dileep-case

കൊച്ചി: വധ ഗൂഢാലോചനക്കേസ് റദ്ദാക്കാൻ ഇന്നോ നാളെയോ ഹൈക്കോടതിയിൽ ഹർജി നൽകുമെന്ന് ദിലീപിന്റെ അഭിഭാഷകൻ അഡ്വ. ബി. രാമൻ പിള്ള പറഞ്ഞു. നടിയെ ആക്രമിച്ച കേസിൽ തനിക്കെതിരെ തെളിവുണ്ടാക്കാൻ വ്യാജമായി കെട്ടിച്ചമച്ച കേസാണിതെന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. ഇതു കോടതിയിൽ സ്ഥിരീകരിക്കാനായ സാഹചര്യത്തിൽ കേസ് റദ്ദാക്കാനും കഴിയുമെന്നാണ് കണക്കുകൂട്ടൽ.

അതേസമയം, ഗൗരവമേറിയ കേസിൽ പ്രതികൾക്ക് മുൻകൂർ ജാമ്യം അനുവദിച്ചതിനെതിരെ പ്രോസിക്യൂഷൻ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. മുൻകൂർ ജാമ്യം റദ്ദാക്കണം, കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ അനുവദിക്കണം, സ്വതന്ത്രമായി കേസന്വേഷിക്കാൻ സാഹചര്യം ഒരുക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് അപ്പീൽ നൽകുന്നതിനെക്കുറിച്ച് ആലോചിക്കുകയാണെന്ന് പ്രോസിക്യൂഷൻ വൃത്തങ്ങൾ അറിയിച്ചു.

ആലുവ ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതിയുടെ പരിധിയിലാണ് നിലവിൽ കേസ്. ഫോണുകളുടെ പരിശോധനാഫലവും കേസിൽ നിർണായകമാകും.