dileep

കൊച്ചി: വധ ഗൂഢാലോചനാ കേസിൽ കോടതി മുൻകൂർ ജാമ്യം അനുവദിച്ചെങ്കിലും കേസിൽ തുടർനടപടികളുടെ ഭാഗമായി​ നടൻ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യാൻ തയ്യാറെടുക്കുകയാണ് ക്രൈംബ്രാഞ്ച്. രണ്ടുദിവസം മുമ്പ് അഞ്ചാം പ്രതി അപ്പുവിന്റെ ഫോണിൽ നിന്ന് കണ്ടെടുത്ത എസ്.എം.എസ് സന്ദേശത്തിൽ അന്വേഷണ സംഘത്തിന് സംശയങ്ങളുണ്ട്. നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് അറസ്റ്റിലാകുന്നതിന് തൊട്ടുമുമ്പുള്ള ഈ എസ്.എം.എസ് അന്വേഷണോദ്യോഗസ്ഥരോടുള്ള വൈരാഗ്യത്തി​ന്റെ ഭാഗമാണെന്നാണ് സംശയിക്കുന്നത്. ചോദ്യം ചെയ്യൽ വേളയി​ൽ ഇത് കി​ട്ടി​യി​രുന്നി​ല്ല.

അപ്പു ബംഗളൂരുവിലേക്ക് എസ്.എം.എസ് അയച്ച ഫോൺ​ ഇപ്പോൾ സ്വിച്ച് ഓഫാണ്. ഫോൺ​ ഉപയോഗിച്ചത് ആരാണ്, മെസേജി​ന്റെ ഉദ്ദേശ്യം, ഇതേ മെസേജ് എങ്ങനെ ദിലീപിന്റെ ഫോണിൽ വന്നു തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരുത്താനാണ് ചോദ്യം ചെയ്യുന്നത്. ദിലീപിന് ഉടൻ നോട്ടീസ് കൈമാറുമെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങൾ പറഞ്ഞു.

ഹൈക്കോടതി മുഖേന അന്വേഷണോദ്യോഗസ്ഥർക്ക് ലഭ്യമാക്കിയ ദിലീപിന്റെ ഉൾപ്പെടെ ആറ് സ്മാർട്ട് ഫോണുകളുടെ ശാസ്ത്രീയ പരിശോധനാ ഫലം അടുത്ത ദിവസം ലഭിക്കും. ഇതിൽ നിന്ന് കേസിന്റെ ഗതിമാറ്റിയേക്കാവുന്ന വിവരം ലഭിക്കുമെന്നും ക്രൈംബ്രാഞ്ച് പ്രതീക്ഷിക്കുന്നു. ദിലീപും അനൂപും കൈമാറാത്ത ഫോണിനായും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ശബ്ദസാമ്പിൾ ഇന്ന് ശേഖരിക്കും

ഇന്നു രാവിലെ 11ന് കാക്കനാട് ചിത്രാഞ്ജലി സ്റ്റുഡിയോയിൽ ദിലീപ്, സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് സുരാജ് എന്നിവരുടെ ശബ്ദ സാമ്പിൾ ശേഖരിക്കും. ഇതിനായി അവരോട് ഹാജരാകാൻ നിർദ്ദേശിച്ചിട്ടുണ്ട്. ഇവ ബാലചന്ദ്രകുമാർ കൈമാറിയ ശബ്ദരേഖകളുമായി ഒത്തു നോക്കും. ശബ്ദരേഖ മിമിക്രിയാണെന്നാണ് ദിലീപിന്റെ ആരോപണം.