കോലഞ്ചേരി: റോഡുപണിക്ക് ഇറക്കിയിട്ട മെറ്റൽ റോഡിൽക്കിടന്ന് നശിച്ചതോടെ മഴുവന്നൂർ പഞ്ചായത്ത് മൂന്നാംവാർഡ് മണ്ണൂരിലെ അന്ത്യാളംപറമ്പ് കൊള്ളിക്കാട് റോഡ് പണി തൃശങ്കുവിലായി. 2020 ഒക്ടോബറിൽ തൊഴിലുറപ്പ് പദ്ധതിയിൽപ്പെടുത്തി റോഡ് നിർമ്മിക്കാനായി ഇറക്കിയ മെറ്റലാണ് ഉപയോഗശൂന്യമായത്. മഴുവന്നൂർ പഞ്ചായത്തിലെ ഏറ്റവും ഉയരത്തിലുള്ളതും ദുർഘടം പിടിച്ചതുമായ വഴിയാണിത്.
കഴിഞ്ഞ ഭരണസമിതി റോഡ് പകുതിഭാഗം കട്ടവിരിച്ചും കോൺക്രീറ്റ്ചെയ്തും പുതിയറോഡ് നിർമ്മിച്ചിരുന്നു. ബാക്കിഭാഗം നിർമ്മിക്കുന്നതിനായി തൊഴിലുറപ്പ് പദ്ധതിയിൽപ്പെടുത്തി ടെൻഡർചെയ്തു. എന്നാൽ പിന്നീടുണ്ടായ കൊവിഡ് നിയന്ത്രണങ്ങൾ കാരണം ജോലികൾ തുടങ്ങുവാൻ സാധിച്ചില്ല. മെറ്റൽ ഇറക്കിയിട്ടത് മാത്രം മിച്ചമായി. പഞ്ചായത്തിൽ ചോദിക്കുമ്പോൾ വ്യക്തമായ മറുപടിയില്ലെന്നാണ് പരാതി.
കാൽനട യാത്രപോലും ദുഷ്കരമാകുന്ന വിധമാണ് മെറ്റൽ കിടക്കുന്നത്. ഇതോടൊപ്പം മൂന്നാംവാർഡിൽത്തന്നെ തൊഴിലുറപ്പ് പദ്ധതിയിൽ ടെൻഡർ ചെയ്ത 4 റോഡുകളുടെ പണിയും നടന്നിട്ടില്ല. നിരുത്തരവാദപരമായ സമീപനത്തിനെതിരെ യൂത്ത് കോൺഗ്രസ് മണ്ണൂർ ബൂത്ത് കമ്മിറ്റി സമരത്തിനൊരുങ്ങുകയാണ്.