lab

കൊച്ചി: കുട്ടി ശാസ്ത്രജ്ഞരെ പ്രോത്സാഹിപ്പിക്കാനായി സമഗ്രശിക്ഷാ കേരളത്തിന്റെ ആഭിമുഖ്യത്തിൽ ടിങ്കറിംഗ് ലാബ് ഒരുങ്ങുന്നു. കുട്ടികളുടെ ശാസ്ത്രീയ ആശയങ്ങൾ പരീക്ഷിക്കാനും വികസിപ്പിക്കാനുമുള്ള ഇടമാണിത്. എറണാകുളം കുട്ടമശ്ശേരി ഗവ.ഹയർ സെക്കൻഡറി സ്കൂൾ, ആലപ്പുഴ പറവൂർ ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിലാണ് ലാബ്.

അടുത്ത അദ്ധ്യയനവർഷത്തിന് മുമ്പായി സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട 40 സ്‌കൂളുകളിൽ കൂടി ലാബ് യാഥാർത്ഥ്യമാകും. ഒരു ജില്ലയിൽ മൂന്ന് സ്‌കൂളുകളിൽ ലാബുണ്ടാകും. ഇടപ്പള്ളി ഗവ.ഹൈസ്കൂൾ, കടയിരിപ്പ് ജി.എസ്.എസ് എന്നിവിടങ്ങളിലാണ് ജില്ലയിലെ മറ്റ് രണ്ട് ലാബുകൾ. മറ്റു സ്കൂളിലെ വിദ്യാർഥികൾക്കും ലാബിന്റെ സേവനം പ്രയോജനപ്പെടുത്താം.
നിർമ്മിതബുദ്ധി (എ.ഐ) ഉൾപ്പെടെ പരിചയപ്പെടാനും പ്രയോഗിക്കാനും ലാബ് അവസരമൊരുക്കും. കോഡിംഗ്, റേബോട്ടിക്‌സ്, ത്രീഡി പ്രിന്ററുകൾ, സെൻസർ ടെക്‌നോളജി കിറ്റ് തുടങ്ങി സമകാലിക സാമൂഹിക സാഹചര്യങ്ങളുമായി ബന്ധപ്പെട്ട സംവിധാനങ്ങളെല്ലാം ലാബിന്റെ ഭാഗമാണ്. ആറ് മുതൽ പത്താം ക്ളാസുവരെയുള്ള കുട്ടികളെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. താത്പര്യമുള്ള ഹയർസെക്കൻഡറി വിദ്യാർഥികൾക്കും ഇവിടെയെത്താം.

അവധിക്കാലത്തും പ്രവർത്തനം

അവധിക്കാലത്തും വാരാന്ത്യങ്ങളിലും ലാബ് തുറന്നുപ്രവർത്തിക്കും. സ്‌കൂൾ മേധാവിക്കാണ് ലാബിന്റെ ചുമതല. ലബോറട്ടറി അസിസ്റ്റന്റിന്റെ സേവനം ലഭ്യമാണ്. ക്ലാസ് മുറികളിൽ നിന്ന് നേടിയ അറിവും ശാസ്ത്ര സർഗാത്മകതയും പ്രയോഗിക്കാൻ ടിങ്കറിംഗ് ലാബ് കുട്ടികൾക്ക് അവസരം നൽകും.

കമ്പ്യൂട്ടേഷണൽ സ്‌കിൽ, അഡാപ്റ്റീവ് ലേണിംഗ്, ഫിസിക്കൽ കമ്പ്യൂട്ടിംഗ്, ദ്രുത ഗണിത വിശകലനം എന്നീ കഴിവുകൾ വികസിപ്പിക്കാനുള്ള ഇടമായി ഇതുമാറും. സ്വതന്ത്രമായ ഗവേഷണങ്ങൾ, വിദഗ്ദ്ധ ക്ലാസുകൾ, സംഘചർച്ച, പരിശീലനങ്ങൾ, എക്‌സിബിഷൻ, മത്സരങ്ങൾ എന്നിവയ്ക്കായി ലാബ് പ്രയോജനപ്പെടുത്താമെന്ന്

സമഗ്രശിക്ഷാ കേരളം സംസ്ഥാന പ്രോഗ്രാം ഓഫീസർ എ.കെ. സുരേഷ് കുമാർ പറഞ്ഞു.