കൊച്ചി: കൊച്ചി നഗരത്തിന്റെ 'മാസ്റ്റർ പ്ലാൻ" രൂപീകരണവുമായി ബന്ധപ്പെട്ട് പ്രത്യേക സമിതിയോഗം ചേർന്നു. ടൗൺ പ്ലാനിംഗ് വകുപ്പ് തയ്യാറാക്കിയ കരട് മാസ്റ്റർ പ്ലാൻ രൂപരേഖ സീനിയർ ടൗൺ പ്ലാനർ വിശദീകരിച്ചു. ഈ സമിതിയാണ് മാസ്റ്റർ പ്ലാൻ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നത്. യോഗത്തിന് മുമ്പ് കരട് മാസ്റ്റർ പ്ലാൻ രൂപരേഖ മേയർ എം.അനിൽകുമാറിന്റെയും കോർപ്പറേഷൻ നഗരാസൂത്രണ സമിതിയുടെയും മുന്നിൽ അവതരിപ്പിച്ചിരുന്നു.

തുടർന്ന് ലഭിച്ച നിർദ്ദേശങ്ങൾക്കനുസൃതമായി മാറ്റം വരുത്തിയ കരട് മാസ്റ്റർ പ്ലാൻ രൂപരേഖയെക്കുറിച്ചാണ് സീനിയർ ടൗൺ പ്ലാനർ വിശദീകരിച്ചത്. ഈ മാസത്തോടെ വിദഗ്ദ്ധസമിതികളുടെ യോഗം പൂർത്തീകരിക്കും. തുടർന്ന്, രൂപരേഖ 13 വർക്കിംഗ് ഗ്രൂപ്പുകൾക്ക് മുന്നിൽ അവതരിപ്പിക്കും. മാർച്ചിൽ മന്ത്രി പി. രാജീവ്, ഹൈബി ഈഡൻ എം.പി., എം.എൽ.എമാർ എന്നിവരുടെ മുന്നിൽ അവതരിപ്പിക്കും. വിവിധ സംഘടനകളുടെ അഭിപ്രായം തേടും. ഗുണകരമായവ പരിഗണിച്ച് രൂപരേഖ ഭേദഗതി ചെയ്യും.

പിന്നീട് കൗൺസിൽ യോഗത്തിൽ ചർച്ചയ്ക്ക് വയ്ക്കും. ദേദഗതിയോടെ രൂപരേഖ പൊതുജനങ്ങൾക്ക് മുന്നിലും ചർച്ചയ്ക്കുവയ്ക്കും. ജനാഭിപ്രായം പരിഗണിച്ച് വലിയ ഭേദഗതി ആവശ്യമാണെങ്കിൽ രൂപരേഖ വീണ്ടും കൗൺസിൽ യോഗത്തിലെത്തും. അല്ലാത്തപക്ഷം ടൗൺപ്ലാനിംഗ് വിഭാഗം കൊച്ചിയുടൈ മാസ്റ്റർ പ്ലാൻ വിജ്ഞാപനം ചെയ്യും. കൊച്ചിയുടെ ഇരുപത്തഞ്ചുവർഷത്തെ വികസനത്തിന്റെ അടിസ്ഥാന രേഖയായി മാസ്റ്റർ പ്ലാൻ മാറും.

ചർച്ച തുടങ്ങിയിട്ട് 20 വർഷം

ദിനേശ്‌മണി മേയറായിരുന്ന കാലത്താണ് മാസ്റ്റർ പ്ലാൻ തയ്യാറാക്കാനുള്ള ശ്രമങ്ങൾ ആദ്യം തുടങ്ങിയത്. ടൗൺഹാളിൽ നടന്ന ഒരു വികസന സെമിനാറോടെയായിരുന്നു തുടക്കം. വിവിധ മേഖലകൾ തിരിച്ച് വിശദമായ ചർച്ചകളും മറ്റും നടത്തിയെങ്കിലും രണ്ടുവർഷം നീണ്ട പ്രവൃത്തികൾ പൂർണതയിൽ എത്തിയില്ല. തുടർന്ന് മേഴ്‌സി വില്യംസ് മേയറായി വന്നപ്പോൾ ടൗൺപ്ലാനിംഗ് വകുപ്പിനെ ചുമതല ഏല്പിച്ചു. ടൗൺപ്ലാനിംഗ് വിഭാഗം വിശാല കൊച്ചി വികസന മേഖലയെ മുൻനിർത്തി മാസ്റ്റർ പ്ലാനിന്റെ കരട് തയ്യാറാക്കി.

ടോണിയും അനിൽകുമാറും

ടോണി ചമ്മിണി മേയറായിരുന്ന കാലത്ത് അതിന്റെ വിശദമായ അവതരണം ടൗൺഹാളിൽ നടന്നു. ജി.സി.ഡി.എ ഏരിയയിലെ തദ്ദേശ സ്ഥാപനങ്ങളുടെ അദ്ധ്യക്ഷന്മാരെക്കൂടി പങ്കെടുപ്പിച്ചായിരുന്നു അന്ന് ചർച്ച. എന്നാൽ ഈ യോഗത്തിൽ തദ്ദേശ സ്ഥാപനങ്ങളിൽനിന്നുള്ള പ്രതിനിധികൾ മേഖലാതരംതിരിവിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. അതോടെ കൊച്ചിയുടെ മാസ്റ്റർ പ്ലാൻ ചർച്ച മുടങ്ങിപ്പോയി.
എം.അനിൽകുമാർ മേയറായി വന്നശേഷം മാസ്റ്റർ പ്ലാൻ ഉണ്ടാക്കുന്നതിനുള്ള ശ്രമങ്ങൾ വീണ്ടും തുടങ്ങി. കൊച്ചിക്ക് മാസ്റ്റർ പ്ലാൻ വേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം സർക്കാരിനെ ബോദ്ധ്യപ്പെടുത്തി. അതിന്റെ അടിസ്ഥാനത്തിൽ സർക്കാർ നിർദ്ദേശപ്രകാരം മാസ്റ്റർ പ്ലാനിന്റെ പ്രവർത്തനങ്ങൾ പുനരാരംഭിച്ചു.