
കൊച്ചി: മലയാളത്തിൽ പാടിയത് ഒരേയൊരു ഗാനം. ഹിന്ദിയിൽ യേശുദാസ് ഉൾപ്പെടെ മലയാളി ഗായകർക്കൊപ്പം പാടി. ഒരിക്കൽ പോലും കേരളത്തിൽ വന്നില്ല. എങ്കിട്ടും മലയാളികളുടെ സ്‌നേഹം ഏറ്റുവാങ്ങിയ പ്രിയങ്കരിയായ പാട്ടുകാരിയായിരുന്നു ലതാ മങ്കേഷ്‌കർ.
രാമു കാര്യാട്ട് സംവിധാനം ചെയ്ത 'നെല്ല്" സിനിമയിലെ 'കദളി തെങ്കദളി ചെങ്കദളി പൂവേണോ, കവിളിൽ പൂമദമുള്ളൊരു പെൺപൂവേണോ പൂക്കാരാ....." എന്നതാണ് ലതാ മങ്കേഷ്‌കർ പാടിയ ഏക മലയാളഗാനം. വയലാർ രാമവർമ്മയുടെ വരികൾക്ക് സലിൽ ചൗധരിയാണ് സംഗീതം നൽകിയത്.
നെല്ലിന് മുമ്പ് ചെമ്മീൻ സിനിമയിൽ ലതാ മങ്കേഷ്‌കറെ പാടിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. സലിൽ ചൗധരി സംഗീതം നൽകിയ 'കടലിനക്കരെ പോണോരേ കാണാപ്പൊന്നിന് പോണോരേ...' എന്നതായിരുന്നു പാട്ട്. യേശുദാസ് മുംബയിലെത്തി പാട്ട് പഠിപ്പിക്കാൻ ശ്രമിച്ചു. വാക്കുകളും ഉച്ചാരണവും വഴങ്ങാത്തതിനാൽ ലത പിന്മാറുകയായിരുന്നു.
മലയാളം പാട്ടുകളെക്കുറിച്ചും ഗായകരെക്കുറിച്ചും ലതാ മങ്കേഷ്‌കർക്ക് അറിയാമായിരുന്നെന്ന് ഗായകൻ എം.ജി. ശ്രീകുമാർ പറഞ്ഞു. വീണ്ടും മലയാളത്തിൽ പാടിക്കൂടേയെന്ന് ചോദിച്ചപ്പോൾ മലയാളത്തിൽ നല്ല ഗായകരുണ്ടല്ലോ, അവർ പാടട്ടെ എന്നായിരുന്നു മറുപടി.
ഉച്ചാരണശുദ്ധിയോടെ പാടണമെന്ന് നിർബന്ധമുണ്ടായിരുന്നു ലതയ്‌ക്കെന്ന് 'ലതാ മങ്കേഷ്‌കർ സംഗീതവും ജീവിതവും" എന്ന ജീവചരിത്രം രചിച്ച ജമാൽ കൊച്ചങ്ങാടി പറഞ്ഞു. വഴങ്ങാത്ത ഭാഷയിൽ പാടേണ്ടെന്ന നിലപാടായിരുന്നു അവർക്ക്. മലയാളത്തിൽ പാടിയില്ലെങ്കിലും മലയാളികളുടെ ഹൃദയം കവരാൻ ലതയ്ക്ക് കഴിഞ്ഞതാണ് അവരുടെ പാട്ടിന്റെ മാഹാത്മ്യമെന്ന് ജമാൽ കൊച്ചങ്ങാടി 'കേരളകൗമുദി"യോട് പറഞ്ഞു. ഒറ്റക്കമ്പിനാദം പോലെ ഹൃദ്യമാണ് ലതയുടെ ആലാപനം. 2004ലാണ് ജീവചരിത്രം പ്രസിദ്ധീകരിച്ചത്.
കേരളത്തിൽ വന്നിട്ടില്ല.
ഒരിക്കൽ പോലും ലത കേരളം സന്ദർശിച്ചിട്ടില്ല. അതിന്റെ കാരണം വ്യക്തമല്ല. സഹോദരി ആശ ഭോസ്‌ലെ കേരളം സന്ദർശിക്കുകയും വേദിയിൽ പാടുകയും ചെയ്തിട്ടുണ്ട്. ഒരുപാട്ട് മാത്രം മലയാളത്തിൽ പാടിയ ലതാ മങ്കേഷ്‌കർ അടുത്തജന്മം കേരളത്തിൽ ജനിക്കണമെന്ന് ആഗ്രഹിക്കുന്നതായി എം.ജി. ശ്രീകുമാർ പറഞ്ഞു.