
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണോദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് ഉൾപ്പെടെ അഞ്ച് പ്രതികൾക്ക് ഹൈക്കോടതി ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചത് കൃത്യമായ തെളിവുകളുടെ അഭാവത്തിൽ. പ്രതികൾക്കെതിരെ ക്രിമിനൽ ഗൂഢാലോചനക്കുറ്റം ചുമത്താൻ പ്രഥമദൃഷ്ട്യാ തെളിവില്ലെന്നും കോടതി വിലയിരുത്തി. ദിലീപിനെക്കൂടാതെ സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് ടി.എൻ. സുരാജ്, ബന്ധു അപ്പു എന്ന കൃഷ്‌ണപ്രസാദ്, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവർക്കാണ് ജസ്റ്റിസ് പി. ഗോപിനാഥിന്റെ ബെഞ്ച് ജാമ്യം അനുവദിച്ചത്.
പ്രതികൾ കുറ്റം ചെയ്യാൻ എന്തെങ്കിലും നടപടിയെടുത്തു എന്നതിന് തെളിവുകളില്ലെന്നും വിധിയിൽ പറയുന്നു. ബാലചന്ദ്രകുമാറിന്റെ മൊഴികൾ ഉൾപ്പെടെയുള്ളവ പ്രഥമദൃഷ്ട്യാ തെളിവായി കണക്കാക്കാനാവില്ല. ഏതെങ്കിലും പൊലീസ് ഉദ്യോഗസ്ഥനെ നേരിട്ടോ അല്ലാതെയോ പ്രതികൾ ഭീഷണിപ്പെടുത്തിയെന്ന് പ്രോസിക്യൂഷനു കേസില്ല.
പ്രോസിക്യൂഷൻ ആവശ്യപ്പെട്ടവയിൽ ഒരു ഫോൺ പ്രതികൾ ഹാജരാക്കിയില്ലെന്നതിനാൽ അവർ അന്വേഷണത്തോടു സഹകരിക്കുന്നില്ലെന്നു പറയാനാവില്ല. പ്രതികളെ കസ്റ്റഡിയിലെടുക്കാതെ തന്നെ അന്വേഷണം ശരിയായി നടത്താനാവുമെന്നും കോടതി വിലയിരുത്തി.
പ്രതികളെ അറസ്റ്ര് ചെയ്താൽ കോടതിയിൽ ഹാജരാക്കി ഒരു ലക്ഷം രൂപയുടെ ബോണ്ടും തുല്യ തുകയ്ക്ക് രണ്ട് ആൾജാമ്യവും വ്യവസ്ഥ ചെയ്ത് വിട്ടയയ്ക്കണമെന്ന് കോടതി നിർദ്ദേശിച്ചു. മുൻകൂർ ജാമ്യ വ്യവസ്ഥകൾ ലംഘിച്ചാൽ ജാമ്യം റദ്ദാക്കാൻ ക്രൈംബ്രാഞ്ചിന് ഹൈക്കോടതിയെ സമീപിക്കാം. ആലുവയിലെ ഹോട്ടലുടമയും ദിലീപിന്റെ സുഹൃത്തുമായ ശരത് നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഇയാൾ നിലവിൽ പ്രതിയല്ലെന്ന് പ്രോസിക്യൂഷൻ അറിയിച്ചതിനാൽ തുടർനടപടിയുണ്ടായാൽ പരിഗണിക്കാമെന്നു പറഞ്ഞ് മാറ്റി.
ജാമ്യ വ്യവസ്ഥകൾ
അന്വേഷണോദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോൾ ഹാജരാകണം. അന്വേഷണവുമായി സഹകരിക്കണം. തെളിവുകൾ നശിപ്പിക്കരുത്. സാക്ഷികളെ തടയുകയോ ഭീഷണിപ്പെടുത്തുകയോ സ്വാധീനിക്കുകയോ ചെയ്യരുത്. പാസ്പോർട്ട് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കണം. ജാമ്യത്തിലിരിക്കെ മറ്റു കേസുകളിൽ ഉൾപ്പെടരുത്.
ദിലീപിന് അനുകൂലമായത്
1. പല സംഭവങ്ങളും വെറും സംഭാഷണങ്ങളോ ശാപവാക്കുകളോ ആണെന്ന് ശബ്ദരേഖകളിൽ
2. അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പറഞ്ഞതല്ലാതെ, സാധൂകരിക്കുന്ന തെളിവുകളില്ല
3. ആദ്യം വധഭീഷണിയായിരുന്നു എഫ്.ഐ.ആറിൽ, പിന്നീട് വധഗൂഢാലോചനക്കുറ്റമായി തിരുത്തി
4. ബാലചന്ദ്രകുമാറിന്റെ മൊഴികളിലും പരാതിയിലുമുള്ള വൈരുദ്ധ്യങ്ങൾ പ്രശ്നമായി
5. മൂന്നു ദിവസം പ്രതികളെ ചോദ്യം ചെയ്യാൻ അനുവദിച്ചിട്ടും കാര്യമായ തെളിവുകൾ ഉണ്ടായില്ല
6. അന്വേഷണോദ്യോഗസ്ഥനെ കോടതി പരിസരത്ത് ഭീഷണിപ്പെടുത്തിയെന്നതിലെ തീയതിയടക്കം തെറ്റ്
പ്രോസിക്യൂഷന് തിരിച്ചടിയായത്
1. പലപ്പോഴായി ദിലീപ് പറഞ്ഞ കാര്യങ്ങൾ മാത്രമായിരുന്നു ഹാജരാക്കിയ തെളിവുകൾ
2. സംഭവങ്ങൾ വിവരിച്ചപ്പോൾ സ്ഥലം, സമയം തുടങ്ങിയ കാര്യങ്ങളിലെ വസ്തുതാപരമായ പിശക്
3. വിദേശത്തുള്ള സലിമിന്റെ മൊഴിയെടുക്കാതെ ഇയാളുടെ മൊഴിയുണ്ടെന്ന് പറഞ്ഞത്
4. ദിലീപിന്റെ വീട്ടിലെ ഗേറ്റ് വാച്ച്മാനായിരുന്ന ദാസന്റെ മൊഴിയെക്കുറിച്ചുള്ള അവ്യക്തത
5. പൊലീസ് ഉദ്യോഗസ്ഥരുടെ പേരുകൾ ഓരോ മൊഴികളിലും വെറുതേ കൂട്ടിച്ചേർത്തു
6. ഗൂഢാലോചനയ്ക്ക് പ്രതികൾ ഒത്തുചേർന്ന് തീരുമാനങ്ങൾ എടുത്തെന്ന് തെളിയിക്കാനായില്ല