soji-and-shibu

കളമശേരി: എം.കോംകാരിയാണ് സോജി. ഭർത്താവ് ഷിബു എം.എ. ഇംഗ്ളീഷുകാരനും! അയാട്ടമി, ഷാഷൻ മേക്കിംഗ്, ഫോട്ടോഗ്രഫി, ഓർണമെന്റ്‌സ് മേക്കിംഗ്, ഹോട്ടൽ മാനേജ്മെന്റ് കോഴ്സുകളും സോജി പാസായിട്ടുണ്ട്. ഇടയ്ക്ക് സോജി ചെണ്ടയിലും ഒരുകൈ നോക്കി.

ഇപ്പോൾ ഇരുവരും മീൻ കച്ചവടം നടത്തുന്നു. ''ഞങ്ങൾ സന്തുഷ്‌ടരാണ്" എന്ന് സോജിയും ഷിബുവും പറയും. കഴിഞ്ഞ നാലരവർഷമായി പാതാളം പാലത്തിനു സമീപം ഇടുക്കി ജംഗ്ഷനിൽ രാവിലെ 7.30 മുതൽ ഉച്ചയ്ക്ക് 12 വരെയും വൈകിട്ട് മൂന്നുമുതൽ രാത്രി 9 വരെയും ഇരുവരും ചേർന്നാണ് വഴിയരികിലെ മീൻ കച്ചവടം.

പലരും ചോദിക്കും ഉയർന്ന വിദ്യാഭ്യാസമുള്ള നിങ്ങൾക്ക് മറ്റൊരു നല്ല ജോലിക്ക് ശ്രമിച്ചു കൂടെയെന്ന്.

ഷിബു നിരവധി സ്ഥാപനങ്ങളുടെ സെയിൽസ് എക്സിക്യുട്ടീവായും മെഡിക്കൽ റെപ്രസന്റേറ്റീവായും ജോലി ചെയ്തു. 2009 വരെ ഇരുവരും പനമ്പിള്ളി നഗറിൽ അയാട്ട ഏജൻസി നടത്തിയിരുന്നു. മുപ്പത്തടം പഞ്ചായത്ത് ജംഗ്ഷനിൽ പച്ചക്കറി കച്ചവടവും പരീക്ഷിച്ചു.

42 വർഷമായി മുടങ്ങാതെ ശബരിമലയ്ക്ക് പോകുന്ന ഷിബു വർഷത്തിൽ മൂന്നുവട്ടം ശബരീശനെ കാണും. കെട്ടുനിറച്ച് ഒരുതവണ; പിന്നെ കലശത്തിനും മകരവിളക്കിനും. കാരണവന്മാർ കൈമാറിയചൂരലിൽ വെള്ളി കെട്ടിയ മുദ്രവടിയുമായാണ് യാത്ര. അയ്യപ്പൻ വിളക്കിനാവശ്യമായ മുഴുവൻ സാമഗ്രികളും വീട്ടിലുണ്ട്. ആവശ്യമുള്ളവർക്ക് സൗജന്യമായി നൽകും.

രാഷ്‌ട്രീയത്തിലും ഒരു കൈ

പണിയെടുത്ത് കിട്ടുന്നതിൽ ഒരുവിഹിതം സാധുക്കൾക്കുള്ളതാണെന്ന് സോജി പറയുന്നു. ആഹാരവും മരുന്നും ഉൾപ്പെടെയുള്ള സഹായം നൽകും. 2018ലെ പ്രളയത്തിലും കൊവിഡ് കാലത്തും അതിന് മുടക്കം വരുത്തിയില്ല. സോജിയുടെ പൊതുസേവന പ്രവർത്തനങ്ങളുടെ മികവായി തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ ബ്ളോക്ക് പഞ്ചായത്തിൽ സ്ഥാനാർത്ഥിയാക്കി. ഇത്തവണ ബി.ജെ.പി. കളമശേരി മണ്ഡലം സെക്രട്ടറിയുമാക്കി.

ബഹുഭാഷാ പ്രിയർ

ഇരുവരും ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകൾ നന്നായി കൈകാര്യം ചെയ്യും.