കിഴക്കമ്പലം: പാലം തുറന്നിട്ടും പാലത്തിലേക്കെത്തുന്ന റോഡ് തകർന്നുകിടക്കുന്നതിനാൽ സുഗമമായി മഞ്ചേരിക്കുഴി കടക്കാൻ ഇനിയും കാത്തിരിക്കണം. നാലുമാസം മുമ്പാണ് പാലം ഗതാഗതത്തിന് തുറന്നുകൊടുത്തത്. അന്ന് റോഡ് നിർമ്മാണം ഉടനടി പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചിരുന്നെങ്കിലും തുടർനടപടിയില്ല. പാലത്തിലേക്കെത്തുന്ന ഭാഗത്തുള്ള 900 മീറ്റർ റോഡ് ഇപ്പോഴും പഞ്ചായത്തിന്റെ അധീനതയിലാണ്. ഇത് പൊതുമരാമത്ത് വകുപ്പിന് വിട്ടുനൽകിയാലേ റോഡ് നർമ്മാണം പൂർത്തിയാക്കാൻ കഴിയുകയുള്ളു. ഇത് സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പ് പഞ്ചായത്തിന് കത്ത് നൽകിയിട്ടുണ്ട്. ഔദ്യോഗിക നടപടിക്രമങ്ങളിൽ വരുന്ന കാലതാമസമാണ് റോഡ് നിർമ്മാണം വൈകിക്കുന്നത്.
പാലത്തിലേക്ക് അതിവേഗമെത്താൻ റോഡിനായി നാലരക്കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. മോറക്കാല മുതൽ മനക്കക്കടവുവരെ 4.4 കിലോമീറ്റർ വരുന്ന റോഡ് ബി.എം ബി.സി നിലവാരത്തിൽ 5.8 മീറ്റർ വീതിയിൽ ടാറിംഗ് നടത്താനാണ് തുക വകയിരുത്തിയിരിക്കുന്നത്. ഇതിന്റെ ആദ്യറീച്ചായ 1.2 കിലോമീറ്റർ ദൂരം ടെൻഡർ നപടികൾ പൂർത്തീകരിച്ചതാണ്.
ഇൻഫോപാർക്കിലേക്കുളള എളുപ്പമാർഗ്ഗം
കുന്നത്തുനാട്, തൃക്കാക്കര നിയോജകമണ്ഡലങ്ങളെ ബന്ധിപ്പിക്കുന്നതാണ് മനക്കക്കടവ് മഞ്ചേരിക്കുഴി പാലം. പടിഞ്ഞാറെ മോറക്കാല, മഞ്ചേരിക്കുഴി, ഇടച്ചിറവഴി ഇൻഫോപാർക്കിലേക്ക് എത്താനുള്ള എളുപ്പ മാർഗമാണിത്. ജില്ലാകേന്ദ്രമായ കാക്കനാട്ടേക്കും ഈവഴി എളുപ്പമെത്താനാകും. കോലഞ്ചേരി, പാങ്കോട്, പഴന്തോട്ടം, പറക്കോട്, മോറക്കാലവഴി യാത്രാസൗകര്യവും വർദ്ധിക്കും.
വർഷങ്ങൾക്കുമുമ്പ് നബാർഡിന്റെ ഫണ്ട് ഉപയോഗിച്ച് പാലം നിർമ്മാണം ആരംഭിച്ചതാണ്. എന്നാൽ പാലത്തിന്റെ ഉയരം 10 മീറ്റർ വേണമെന്ന ആവശ്യവുമായി ചിലർ രംഗത്തുവന്നത് പണിനിർത്തിവയ്ക്കാൻ കാരണമായി. പിന്നീട് 2017 ഡിസംബർ 11നാണ് പുനർനിർമ്മാണം തുടങ്ങിയത്. 12 കോടി രൂപയാണ് നിർമ്മാണച്ചെലവ്. 208 മീറ്റർ നീളവും 7.5 മീറ്റർ വീതിയും ഇരുവശങ്ങളിലുമായി ഒന്നരമീറ്റർ നടപ്പാതയുമുണ്ട്. കടമ്പ്രയാറിലൂടെയുള്ള വിനോദസഞ്ചാര വികസനത്തിനും ഏറെ പ്രയോജനമാകുന്ന പാലമാണിത്. മാഞ്ചേരിക്കുഴി പാലം യാഥാർത്ഥ്യമായതോടെ പ്രദേശത്തിന്റെ മുഖച്ഛായതന്നെ മാറി. ഇനി പൂർത്തിയാകേണ്ടത് റോഡാണ്.