കുറുപ്പംപടി: സ്ത്രീപീഡനവും കുട്ടികളെ ഉപദ്രവിക്കുന്നതും സംസ്ഥാനത്ത് വർദ്ധിച്ചുവരികയാണെന്ന് മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ജെബി മേത്തർ പറഞ്ഞു. എല്ലാ ജില്ലകളിലും പോക്സോ കോടതികൾ തുടങ്ങുന്ന തരത്തിൽ അതിക്രമങ്ങൾ വർദ്ധിക്കുകയാണ്. മഹിളാ കോൺഗ്രസ് മേഖലാ നിയോജകമണ്ഡലം യോഗം പെരുമ്പാവൂർ ഇന്ദിരാഭവനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. മഹിളാ കോൺഗ്രസിന്റെ പ്രവർത്തനം മണ്ഡലംതലം മുതൽ ശക്തിപ്പെടുത്താൻ പുതിയ പദ്ധതി ആവിഷ്ക്കരിക്കും. ജില്ലാ പ്രസിഡന്റ് അഡ്വ.വി.കെ. മിനിമോൾ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ ഷീബ രാമചന്ദ്രൻ, ഷാഹിന പാലക്കാടൻ, ജോളി ബേബി തുടങ്ങിയവർ പ്രസംഗിച്ചു.