ആലുവ: ആലുവ മേല്പാലത്തിനടിയിൽ പേ ആൻഡ് പാർക്കിംഗ് ആരംഭിക്കുന്നതിന് മുന്നോടിയായി അനധികൃത പാർക്കിംഗ് നഗരസഭ തടഞ്ഞതോടെ ലോറികളെല്ലാം സമാന്തര റോഡിലേക്ക് പാർക്കിംഗ് മാറ്റി. മാർക്കറ്റിൽ നിന്ന് പുളിഞ്ചോടിലേക്ക് പോകുന്ന ദേശീയപാതയുടെ സമാന്തര റോഡിലാണ് ദിവസങ്ങളായി ലോറികൾ കിടക്കുന്നത്.
ഈ സാഹചര്യം അനുവദിച്ചാൽ ഗതാഗതക്കുരുക്കിന് വഴിയൊരുക്കും. ഗുഡ്സ് ഷെഡിൽ ഓടുന്ന ലോറികളാണ് ടേണാകുന്നതുവരെ വിശ്രമിക്കുന്നതിനായി മേല്പാലത്തിനടിയിൽ പാർക്ക് ചെയ്തിരുന്നത്. മറ്റ് ചില ഭാഗങ്ങൾ നാടോടികളും കൈയടക്കിയിരുന്നു. കഴിഞ്ഞ 26ന് നഗരസഭ നടത്തിയ മെഗാ ശുചീകരണത്തിന്റെ ഭാഗമായാണ് മെട്രോസ്റ്റേഷൻ മുതൽ പുളിഞ്ചോടുവരെ ശുചീകരിച്ച ശേഷം അനധികൃത പാർക്കിംഗ് ഉൾപ്പെടെ ഒഴിവാക്കിയത്. ഇതിന്റെ ഭാഗമായി പാർക്കിംഗ് ഏരിയയിലേക്കുള്ള പ്രവേശനകവാടത്തിൽ വലിയ കോൺക്രീറ്റ് ബീം കുറുകെയിടുകയും ചെയ്തു.
ഓട്ടോറിക്ഷകളും ചെറിയ ചരക്ക് വാഹനങ്ങളുമെല്ലാം സ്വന്തമാക്കിയ ആവശ്യത്തിലധികമുള്ള സ്ഥലം തിരിച്ചുപിടിച്ച് പേ ആൻഡ് പാർക്കിംഗിനായി ഉപയോഗിക്കണമെന്നാണ് ആവശ്യമുയർന്നിരിക്കുന്നത്. നിലവിൽ വിവിധ ആവശ്യങ്ങൾക്കായി വരുന്നവർക്ക് വാഹനം പാർക്ക് ചെയ്യാൻപോലും സൗകര്യം നൽകാതെ ചില ഡ്രൈവർമാർ സ്ഥലം ചങ്ങലയിട്ട് സ്വകാര്യവത്കരിച്ചിരിക്കുകയാണ്. ചില രാഷ്ട്രീയ പാർട്ടികളുടെയും യൂണിയനുകളുടെയും പിന്തുണയോടെയാണിത്.
സാമ്പത്തിക പ്രതിസന്ധി നേരിടുന്ന നഗരസഭയ്ക്ക് വലിയ ആശ്വാസമാണ് ദേശീയപാത അധികൃതരുടെ നിലപാട്. മറ്റൊരിടത്തും പേ ആൻഡ് പാർക്ക് നടത്തുന്നതിന് മേല്പാലത്തിനടിയിലെ സ്ഥലം തദ്ദേശ സ്ഥാപനങ്ങൾക്ക് വിട്ടുനൽകിയിട്ടില്ല. ആലുവ നഗരസഭ ഇതിനായി നിരന്തരസമ്മർദ്ദം ചെലുത്തിയാണ് അനുമതി സമ്പാദിച്ചത്.
ഒരു മാസത്തിനകം പേ ആൻഡ് പാർക്ക് തുടങ്ങും
പേ ആൻഡ് പാർക്ക് തുടങ്ങുന്നതിന് മുന്നോടിയായി സ്ഥലത്ത് പെയിന്റിംഗ് ഉൾപ്പെടെയുള്ള ജോലികൾ നടക്കുകയാണ്. ഒരു മാസത്തിനകം ടെൻഡർ വിളിച്ച് നടത്തിപ്പ് കരാർ നൽകും. ഫുട്പാത്തിന്റെയും സൗന്ദര്യവത്കരണത്തിന്റെയും ചുമതലയും ഇതോടൊപ്പം കരാറുകാരന് നൽകുന്നതിനാണ് ആലോചിക്കുന്നത്. കഴിഞ്ഞദിവസം നടന്ന കൗൺസിൽ യോഗം ഇത് സംബന്ധിച്ച തീരുമാനമെടുത്തിട്ടുണ്ട്.
എം.ഒ. ജോൺ
ചെയർമാൻ, ആലുവ നഗരസഭ