
 25 ലക്ഷം രൂപയുടെ നഷ്‌ടം
കളമശേരി: സൗത്ത് കളമശേരി മേജർ ഇൻഡസ്ട്രിയൽ എസ്‌റ്റേറ്റ് ഡവലപ്മെന്റ് പ്ലോട്ട് നമ്പർ 11ലെ എസ്ക്വയർ മാൾട്ട് പ്ലാസ്റ്റ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിൽ ഇന്നലെ രാവിലെ 11 മണിയോടെ തീപിടിത്തമുണ്ടായി. പുറത്ത് സ്ഥാപിച്ചിരുന്ന ജനറേറ്ററിൽ നിന്നാണ് തീ ആളിപ്പടർന്നത്. ജനറേറ്ററിലെ ഷോട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് ഫയർ ഫോഴ്‌സ് വ്യക്തമാക്കി.
ജനറേറ്റർ പൂർണ്ണമായി കത്തിനശിച്ചു. ഏലൂരിൽ നിന്നെത്തിയ സ്റ്റേഷൻ ഓഫീസർ രഞ്ജിത്ത് കുമാർ, അസി.സ്റ്റേഷൻ ഓഫീസർ ടി.പി. ഗോപകുമാർ എന്നിവരുടെ നേതൃത്വത്തിൽ ഏലൂർ, തൃക്കാക്കര, ഗാന്ധി നഗർ, ആലുവ നിലയങ്ങളിൽ നിന്ന് 5 യൂണിറ്റുകൾ രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുത്തു. ജനറേറ്ററിലെ തീ അതിവേഗം അണച്ചതിനാൽ കൂടുതൽ അപകടം ഒഴിവായി. പ്ലാസ്റ്റിക് കസേര, ടേബിൾ തുടങ്ങിയവ നിർമ്മിക്കുന്ന കേന്ദ്രത്തിന്റെ പുറത്താണ് തീപിടിത്തമുണ്ടായതെന്നതിനാൽ ജീവനക്കാർക്ക് പരിക്കോ യന്ത്രസാമഗ്രികൾക്ക് കേടുപാടുകളോ ഉണ്ടായില്ല. പ്രാഥമിക കണക്കനുസരിച്ച് 25 ലക്ഷത്തോളം രൂപയുടെ നഷ്ടം പ്രതീക്ഷിക്കുന്നതായി കമ്പനി പറഞ്ഞു.