
കൊച്ചി: ദിലീപിന്റെ ഉൾപ്പെടെ മുൻകൂർജാമ്യ ഹർജികളിലെ കോടതി നടപടികൾ ചാനലുകളും സോഷ്യൽ മീഡിയയും റിപ്പോർട്ട് ചെയ്ത രീതിയിലുള്ള അതൃപ്തി ഹൈക്കോടതി വിധിന്യായത്തിൽ രേഖപ്പെടുത്തി. കോടതികൾ എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്നോ നിയമപരമായ അടിസ്ഥാന വസ്തുതകളെന്താണെന്നോ അറിയാതെ പാതിവെന്ത വസ്തുതകളുടെ അടിസ്ഥാനത്തിൽ നീതിനിർവഹണ സംവിധാനത്തെ അധിക്ഷേപിക്കാനുള്ള ലൈസൻസല്ല അഭിപ്രായ സ്വാതന്ത്ര്യമെന്ന് ഹൈക്കോടതി മുന്നറിയിപ്പു നൽകി.
മുഖ്യധാരാ ടെലിവിഷൻ ചാനലുകളും സമൂഹ മാദ്ധ്യമങ്ങളും കേസ് കോടതി കൈകാര്യം ചെയ്യുന്ന രീതിയെക്കുറിച്ച് വിവരണങ്ങളും വിമർശനങ്ങളും വ്യാഖ്യാനങ്ങളുമൊക്കെ നടത്തി. വാദം കേൾക്കുന്നതിനിടെ കോടതി നടത്തിയ നിരീക്ഷണങ്ങൾ കീറിമുറിച്ച് പരിശോധിക്കുകയും ഗൗരവമേറിയ ചർച്ചകൾക്ക് വിഷയമാക്കുകയും ചെയ്തു. മാദ്ധ്യമ സ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ അവിഭാജ്യഘടകമാണെന്നതിൽ തർക്കമില്ല. അഭിപ്രായസ്വാതന്ത്ര്യം സംരക്ഷിക്കാൻ രാജ്യത്തെ ഭരണഘടനാ കോടതികൾ അങ്ങേയറ്റം താത്പര്യം കാട്ടുന്നുണ്ട്. എന്നാൽ ഇത് നീതി നിർവഹണ സംവിധാനത്തെ അധിക്ഷേപിക്കാനുള്ള ലൈസൻസായി കാണരുത് - ഹൈക്കോടതി പറഞ്ഞു.