df

കൊച്ചി: ബഡ്‌ജറ്റിന് മുന്നോടിയായി സ്റ്റാർട്ടപ്പ് സംരംഭകരും എയ്ഞ്ചൽ നിക്ഷേപകരുമായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ ചർച്ച നടത്തി.

ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ, ക്വാറ്റ്‌റോ ചെയർമാൻ രമൺ റോയ്, ഇന്ത്യൻ എയ്ഞ്ചൽ നെറ്റ്‌വർക്ക് സഹസ്ഥാപക പത്മജ രുപാരേൽ, എയ്ഞ്ചൽ നിക്ഷേപകൻ രവീന്ദ്രനാഥ് കാമത്ത്, ടെരുമോ പെൻപോൾ സ്ഥാപകൻ സി. ബാലഗോപാൽ, ഈസ്റ്റേൺ കോൺഡിമെന്റ്സ് ചെയർമാൻ നവാസ് മീരാൻ, തുടങ്ങിയ പ്രമുഖരും യൂണികോൺ വെഞ്ച്വേഴ്‌സ്, സ്‌പെഷ്യാൽ ഇൻവെസ്റ്റ് ഫണ്ട്, അർത്ഥ വെഞ്ച്വേഴ്‌സ് എന്നിവയുടെ പ്രതിനിധികളുമായാണ് ധനമന്ത്രി ചർച്ച നടത്തിയത്.

സ്റ്റാർട്ടപ്പ് സ്ഥാപകരുമായും ധനമന്ത്രി ചർച്ച നടത്തി. കൂടുതൽ നിക്ഷേപം ആകർഷിക്കാനുള്ള വേദി സ്റ്റാർട്ടപ്പുകൾക്ക് ആവശ്യമാണെന്ന് സംരംഭകർ ധനമന്ത്രിയെ ധരിപ്പിച്ചു. നിക്ഷേപസാദ്ധ്യതകളിൽ സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്ക് വലിയ പങ്ക് വഹിക്കാനാകുമെന്ന ധനമന്ത്രിയുടെ പ്രസ്താവന പ്രതീക്ഷ നൽകുന്നതാണെന്ന് സ്റ്റാർട്ടപ്പ് സംരംഭകർ പറഞ്ഞു.