
കൊച്ചി: തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രത്തിലെ വിവാദമായ ബ്രാഹ്മണരുടെ കാൽകഴുകിച്ചൂട്ട് വഴിപാടിനെക്കുറിച്ചുള്ള കേരളകൗമുദി വാർത്തയുടെ അടിസ്ഥാനത്തിൽ ഹൈക്കോടതി സ്വമേധയാ വിഷയം ഹർജിയായി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത് കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
സംസ്ഥാന സർക്കാരിന്റെ ദേവസ്വം സെക്രട്ടറി, കൊച്ചിൻ ദേവസ്വം ബോർഡ് സെക്രട്ടറി, തൃപ്പൂണിത്തുറ ദേവസ്വം ഓഫീസർ എന്നിവരാണ് എതിർകക്ഷികൾ. കേരളകൗമുദി ഫെബ്രുവരി നാലിനാണ് ഇതു സംബന്ധിച്ച വാർത്ത പ്രസിദ്ധീകരിച്ചത്.
ക്ഷേത്രത്തിലെ നിവേദ്യം തയ്യാറാക്കുന്ന തിടപ്പള്ളിക്കകത്താണ് പുറത്തു കാണാത്ത വിധം പന്ത്രണ്ട് ബ്രാഹ്മണരെ ഇരുത്തി 12 നമസ്കാരം എന്ന പേരിലാണ് 20,000 രൂപയ്‌ക്ക് കാൽകഴുകിച്ചൂട്ട് വഴിപാട് നടത്തുന്നത്. അടുത്തിടെ കൊടുങ്ങല്ലൂർ എടവിലങ്ങ് ശിവകൃഷ്‌ണപുരം മഹാദേവർ ക്ഷേത്രത്തിൽ പുനഃരുദ്ധാരണ ചടങ്ങിന്റെ ഭാഗമായി നടത്താൻ നിശ്ചയിച്ചിരുന്ന ഇതേ ചടങ്ങ് വിവാദമായതോടെ കൊച്ചിൻ ദേവസ്വം ബോർഡ് ഉപേക്ഷിച്ചിരുന്നു.
12 നമസ്കാരം
പൂർണത്രയീശ ക്ഷേത്രത്തിൽ 12 ബ്രാഹ്മണരുടെ കാൽകഴുകി ഭക്ഷണവും ദക്ഷിണയും വസ്ത്രവും നൽകുന്നതാണ് 12 നമസ്കാരം. ദേവസ്വം ബോർഡിലെ പിന്നാക്ക വിഭാഗങ്ങളിൽപ്പെട്ട ആർജിത ബ്രാഹ്മണരായ പൂജാരിമാരെയൊന്നും ഇവിടെ നിയോഗിക്കാറില്ല. ഇതു സംബന്ധിച്ചും ജാതി അധിക്ഷേപം സംബന്ധിച്ചും ബോർഡിന് മുമ്പാകെ പരാതികളുണ്ട്.
പങ്കെടുക്കുന്നത് ബ്രഹ്മോപദേശം സിദ്ധിച്ചവരെന്ന് വിശദീകരണം
ബ്രഹ്മോപദേശം സിദ്ധിച്ചെന്ന് ഉറപ്പുള്ള 12 പേരെയാണ് കാൽകഴുകിച്ചൂട്ടിൽ പങ്കെടുപ്പിക്കുന്നതെന്ന് വ്യക്തമാക്കി ദേവസ്വം ഉദ്യോഗസ്ഥർ ദേവസ്വം ബോർഡിന് വിശദീകരണം നൽകിയെന്ന് അറിയുന്നു. തന്ത്രിയുടെ നേതൃത്വത്തിലാണ് ചടങ്ങ് നടക്കുന്നത്. പരിഷ്കൃത സമൂഹത്തിന് നിരക്കാത്ത പ്രാകൃതമായ അനാചാരമല്ലെന്നും ഈ റിപ്പോർട്ടിൽ പറയുന്നു.