
കൊച്ചി: മീഡിയ വൺ ചാനലിന്റെ സംപ്രേഷണം തടഞ്ഞ കേന്ദ്ര സർക്കാർ ഉത്തരവിനെതിരെ ചാനൽ ഉടമകളായ മാദ്ധ്യമം ബ്രോഡ്‌കാസ്റ്റിംഗ് ലിമിറ്റഡ് നൽകിയ ഹർജി ഹൈക്കോടതി ഇന്നു വിധി പറയാൻ മാറ്റി. ചാനലിന് വിലക്കേർപ്പെടുത്തിയ ഉത്തരവിന് അടിസ്ഥാനമായ, ആഭ്യന്തര മന്ത്രാലയത്തിൽ നിന്നുള്ള ഫയലുകൾ ഹാജരാക്കാൻ നേരത്തെ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഇവയൊക്കെ ഇന്നലെ ലഭിച്ചു. തുടർന്ന് ഫയലുകളും രേഖകളും പരിശോധിക്കാൻ സമയം വേണമെന്ന് വ്യക്തമാക്കിയ ജസ്റ്റിസ് എൻ. നഗരേഷ് ഹർജി ഇന്നു വിധി പറയാൻ മാറ്റുകയായിരുന്നു. ചാനലിന്റെ സംപ്രേഷണം തടഞ്ഞതിനെതിരായ ഇടക്കാല ഉത്തരവ് ഇന്നത്തേക്കു കൂടി നീട്ടിയിട്ടുണ്ട്.
ആഭ്യന്തര വകുപ്പിൽ നിന്ന് സുരക്ഷാ ക്ളിയറൻസ് ലഭിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ജനുവരി 31 നാണ് ചാനലിന്റെ പ്രവർത്തനം നിറുത്താൻ ഉത്തരവു നൽകിയത്. പത്രപ്രവർത്തക യൂണിയനും ചാനൽ ജീവനക്കാരും ഹർജിയിൽ കക്ഷി ചേർന്നിരുന്നു. ഭരണഘടനാപരമായ അവകാശത്തെ രാജ്യസുരക്ഷയുടെ പേരിൽ നിയന്ത്രിക്കാനാവുമെങ്കിലും അതിന് നിയമപരമായ പിൻബലമുണ്ടാകണമെന്ന് ഇവർ വാദിച്ചു.