cheli

കൊച്ചി: മട്ടാഞ്ചേരി ജെട്ടി മുതൽ ഫോർട്ട്‌കൊച്ചി വരെയുള്ള ബോട്ട് റൂട്ടിലെ എക്കലും ചെളിയും നീക്കം ചെയ്ത് ബോട്ട് ഗതാഗതം പുനഃസ്ഥാപിക്കാനുള്ള പ്രവൃത്തിക്ക് തുടക്കമായി. ഉദ്ഘാടനം കെ.ജെ. മാക്‌സി എം.എൽ.എ നിർവഹിച്ചു.

മൂന്നു റീച്ചുകളിലായി 1.8 കിലോമീറ്ററോളം നീളത്തിലാണ് ജോലികൾ. ഏകദേശം 80,000 ക്യുബിക് മീറ്റർ എക്കലും ചെളിയും നീക്കം ചെയ്യാനാണ് ജലസേചന വകുപ്പ് ഉദ്ദേശിക്കുന്നത്. ഇതിനായി 8.5 കോടി രൂപ ചെലവഴിക്കും. ചെളിയും മണ്ണും അടിഞ്ഞതിനാൽ മട്ടാഞ്ചേരിയിലേക്കുള്ള ബോട്ട് സർവീസ് രണ്ടുവർഷമായി നിലച്ചിരിക്കുകയാണ്. ബോട്ട് ഗതാഗതം പുനഃസ്ഥാപിക്കുന്നത് ഫോർട്ടുകൊച്ചി, മട്ടാഞ്ചേരി, തോപ്പുംപടി പ്രദേശങ്ങളിലെ യാത്രക്കാർക്ക് ആശ്വാസമാകും. നീക്കം ചെയ്യുന്ന എക്കലും ചെളിയും പാമ്പായിമൂലയിലുള്ള കേരള ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ ഉടമസ്ഥതയിലുള്ള പ്രദേശത്ത് നിക്ഷേപിക്കും.

കോർപ്പറേഷൻ ടൗൺ പ്ലാനിംഗ് കമ്മിറ്റി ചെയർമാൻ എം.എച്ച്.എം. അഷ്‌റഫ്, കൗൺസിലർ ഇസ്മുദ്ദീൻ, എം.എ.താഹ, എം.എ. ഹാഷിക്, ഇറിഗേഷൻ എക്‌സിക്യുട്ടീവ് എൻജിനീയർ സന്ധ്യ, അസി.എൻജിനിയർ ഹാറൂൺ റഷീദ് തുടങ്ങിയവർ ഉദ്ഘാടനചടങ്ങിൽ പങ്കെടുത്തു.