krail

കൊച്ചി: സിൽവർ ലൈൻ പദ്ധതിയുടെ (കെ-റെയിൽ) ഭാഗമായുള്ള സാമൂഹ്യാഘാത പഠനത്തിന് എന്തിനാണ് സർവേ നടത്തുന്നതെന്ന് ഹൈക്കോടതി. സാമൂഹ്യാഘാത പഠനത്തിനായുള്ള സർവേയിൽ എന്തിനാണ് ഭൂമിയിൽ കല്ലുകൾ സ്ഥാപിക്കുന്നത്? ഡി.പി.ആർ തയ്യാറാക്കാൻ ഒരു ഏരിയൽ സർവേ നടത്തിയിരുന്നു. ഇപ്പോൾ സാമൂഹ്യാഘാത പഠനത്തിനായി സർവേ നടത്തുന്നു. ഇനി ഭൂമി ഏറ്റെടുക്കാനായി ന്യായമായ നഷ്ടപരിഹാരം ഉറപ്പാക്കുന്ന 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം ഒരു സർവേ കൂടി നടത്തണം. എന്തിനാണ് ഇങ്ങനെ സർവേ നടത്തി ജനങ്ങളെ ഭയപ്പെടുത്തുന്നതെന്നും ദുർച്ചെലവു വരുത്തുന്നതെന്നും ഹൈക്കോടതി ചോദിച്ചു. കെ -റെയിൽ പദ്ധതിക്കുവേണ്ടിയുള്ള അനധികൃത സർവേ തടയണമെന്നാവശ്യപ്പെടുന്ന ഒരുകൂട്ടം ഹർജികളിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഇക്കാര്യങ്ങൾ ചോദിച്ചത്.

നേരത്തെ ഹർജിക്കാരുടെ ഭൂമിയിലെ സർവേ നടപടികൾ നീട്ടിവയ്ക്കാൻ സിംഗിൾബെഞ്ച് ഇടക്കാല ഉത്തരവു നൽകിയിരുന്നു. ഇതിനെതിരെ സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വാദം കേട്ട് വിധി പറയാൻ മാറ്റിയിട്ടുണ്ട്. ഇതിനിടെയാണ് ഹർജികൾ ഇന്നലെ വീണ്ടും സിംഗിൾബെഞ്ചിന്റെ പരിഗണനയ്ക്കു വന്നത്.

സർവേ നിയമപരമല്ലെന്ന് വിലയിരുത്തി നീട്ടിവയ്ക്കാൻ നിർദ്ദേശിച്ച ഉത്തരവിനെതിരെ എന്തിനാണ് അപ്പീൽ നൽകിയതെന്ന് സിംഗിൾബെഞ്ച് വാദത്തിനിടെ ചോദിച്ചു. കേന്ദ്ര സർക്കാർ നിക്ഷേപ പൂർവ നടപടികൾക്കാണ് അനുമതി നൽകിയത്. സാമൂഹ്യാഘാത പഠനം ഇതിന്റെ പരിധിയിൽ വരില്ലെന്നും സിംഗിൾബെഞ്ച് പറഞ്ഞു. തുടർന്ന് ഹർജിക്കാരുടെ ഭൂമിയിലെ സർവേ നടപടികൾ നീട്ടിവയ്ക്കണമെന്ന ഉത്തരവിന്റെ കാലാവധി ഫെബ്രുവരി 18 വരെ നീട്ടി. ഹർജികൾ അന്നു വീണ്ടും പരിഗണിക്കും.