
കൊച്ചി: ജനറൽ ആശുപത്രിയിലെ പാർക്കിംഗ് ഏരിയയിൽ നിന്ന് ബുള്ളറ്റ് മോഷ്ടിച്ച് കടത്തി. ഇന്നലെ രാവിലെ ഏഴോടെയാണ് സംഭവം. കരുനാഗപ്പള്ളി സ്വദേശിയുടെ ബുള്ളറ്റാണ് മോഷ്ടിക്കപ്പെട്ടത്. സംഭവത്തിൽ എറണാകുളം സെൻട്രൽ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. യുവാവാണ് മോഷണത്തിന് പിന്നിലെന്ന് സി.സി.ടിവി ദൃശ്യത്തിൽ വ്യക്തമാണ്. ഇയാൾ പോയ വഴികൾ തിരിച്ചറിഞ്ഞിട്ടുണ്ട്.
കഴിഞ്ഞ ആഴ്ച ഇതേസ്ഥലത്ത് പാർക്ക് ചെയ്തിരുന്ന ആശുപത്രി ജീവനക്കാരിയുടെ സ്‌കൂട്ടർ കുത്തിത്തുറന്ന് പണവും വിലപിടിപ്പുള്ള രേഖകളും കവർച്ച ചെയ്യപ്പെട്ടിരുന്നു. ഈ കേസിൽ പ്രതിയെ പിടികൂടിയതിന് പിന്നാലെയാണ് വീണ്ടും മോഷണം. സെൻട്രൽ എസ്.എച്ച്.ഒ എസ്. വിജയശങ്കറിന്റെ നേതൃത്വത്തിലാണ് അന്വേഷണം.