sijo

 ആക്രമണം രണ്ടാം തവണ; പ്രതി പിടിയിൽ

അങ്കമാലി: ഹാർഡ്‌വെയർ കടയിലെ ജീവനക്കാരിയെ രണ്ടാം വട്ടവും കടയിൽ കയറി കുത്തി കൊലപ്പെടുത്താൻ ശ്രമം. പ്രതി മൂക്കന്നൂർ അട്ടാറ കിഴക്കന്നൂടൻ വീട്ടിൽ സിജോ (33) യെ അങ്കമാലി പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് കറുകുറ്റി എടക്കുന്നിലെ ഹാർഡ്‌വെയർ ഷോപ്പിലെ ജീവനക്കാരിയായ ജെസി ജോയി (44) ആക്രമണത്തിനിരയായത്. കഴുത്തിലും കൈത്തണ്ടയിലും കുത്തേറ്റ ഇവർ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

2020 ജനുവരിയിൽ സമാനമായ രീതിയിൽ ഇയാൾ കടയിൽ കയറി ജെസിയെ ആക്രമിക്കുകയും മൊബൈൽ തട്ടിയെടുക്കുകയും ചെയ്തിരുന്നു. പണം നൽകാൻ വിസമ്മതിച്ചതിനായിരുന്നു അന്നത്തെ ആക്രമണം. ഇരുവരും തമ്മിൽ മുൻപരിചയമില്ലെന്ന് പൊലീസ് പറഞ്ഞു. ആദ്യ കേസിന്റെ വിചാരണ നടക്കുന്നതിനിടെയാണ് വീണ്ടും ആക്രമിച്ചത്. പഴയ കേസ് ഒത്തുതീർപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം യുവതിയുടെ ഭർത്താവിനെ പ്രതി സമീപിച്ചിരുന്നു. എന്നാൽ കുടുംബം ഒത്തുതീർപ്പിന് തയ്യാറായില്ല. ഇതിന്റെ വൈരാഗ്യത്തിലാണ് ഇന്നലെ കടയിൽക്കയറി കൊലപ്പെടുത്താൻ ശ്രമിച്ചത്. അതിനുശേഷം യുവതിയുടെ വീട്ടിലെത്തിയ പ്രതി ഭർത്താവിനെയും ആക്രമിക്കാൻ ശ്രമിച്ചിരുന്നു. തക്കസമയത്ത് പൊലീസ് എത്തിയതിനാൽ വീട്ടുകാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

പൊലീസിനെ കണ്ട് ഓടിരക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ തൊട്ടടുത്ത പറമ്പിൽ നിന്ന് പിടികൂടി. ഇൻസ്‌പെക്ടർ സോണി മത്തായി, എസ്.ഐമാരായ എൽദോ പോൾ, റഷീദ്, മാർട്ടിൻ ജോൺ, എ.എസ്.ഐ റെജി മോൻ,എസ്.സി.പി.ഒ ഷൈജു, അഗസ്റ്റിൻ, സി.പി.ഒ മാരായ ബെന്നി, മാർട്ടിൻ, അഷ്‌കർ,രഞ്ജിനി എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.