
കോട്ടപ്പടി: റോഡിന് കുറുകെയും വശങ്ങളിലും അശ്രദ്ധയോടെ സ്ഥാപിച്ച കേബിളുകളിൽ കുടുങ്ങി ഇരുചക്രവാഹന യാത്രക്കാരും കാൽനടക്കാരും അപകടത്തിൽപ്പെടുന്നത് പതിവായിട്ടും നടപടിയെടുക്കാതെ തദ്ദേശ സ്ഥാപനങ്ങൾ. റോഡിനു കുറുകെ വലിച്ചിരുന്ന ടി.വി കേബിൾ കഴുത്തിൽ കുരുങ്ങി സ്കൂട്ടർ യാത്രക്കാരന് ഗുരുതരമായ പരിക്കേറ്റതാണ് ഒടുവിലെ അപകടം. ജില്ലാ ആസ്ഥാനമായ കാക്കനാട്ട് നിരവധി അപകടങ്ങളാണ് ഏതാനും ആഴ്ചകൾക്കുള്ളിൽ നടന്നത്.
കോട്ടപ്പടി പാറക്കൽ വീട്ടിൽ പി.സി. ഷമീറാണ് ഇന്നലെ അപകടത്തിൽപ്പെട്ടത്. ചെറുവട്ടൂരിലുള്ള സ്വന്തം സ്ഥാപനത്തിലേക്ക് രാവിലെ സ്കൂട്ടറിൽ പോകുമ്പോൾ മുന്നിൽപോയ ടോറസ് ലോറിയിൽ തട്ടി കേബിൾ പൊട്ടി. പിന്നാലെ വന്ന ഷമീറിന്റെ കഴുത്തിൽ കേബിൾ വീണ് ചുറ്റുകയുമായിരുന്നു. മുൻപിൽ പോയ വാഹനവുമായി അകലം പാലിച്ചിരുന്നതും പെട്ടെന്ന് സ്കൂട്ടർ ബ്രേക്ക് ചെയ്ത് നിറുത്താൻ കഴിഞ്ഞതും കൊണ്ടുമാത്രമാണ് ജീവൻ രക്ഷപ്പെട്ടതെന്ന് ഷമീർ പറഞ്ഞു.
സംഭവം കണ്ടവർ ഷമീറിനെ ധർമ്മഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴുത്തിലും കൈയിലും കേബിൾ മുറുകി മുറിവും പരിക്കുകളുമുണ്ട്. ഭാരവാഹനങ്ങൾ, തടി ലോറികൾ, ക്രെയിനുകൾ തുടങ്ങിയവ നിരന്തരം സഞ്ചരിക്കുന്ന തിരക്കുള്ള വഴിയിൽ ഉയരപരിധി പാലിക്കാതെ റോഡിന് കുറുകെ വലിക്കുന്ന കേബിൾ പൊട്ടിയുണ്ടാകുന്ന അപകടങ്ങൾ അധികൃതരെ അറിയിച്ചിരുന്നെങ്കിലും അവഗണിച്ചതായി നാട്ടുകാർ പറഞ്ഞു.
ജില്ലാ ആസ്ഥാനത്ത് കേബിൾക്കെണി
തൃക്കാക്കര: ജില്ലാ ആസ്ഥാനമായ കാക്കനാട്ട് അശാസ്ത്രീയമായി വലിച്ച കേബിളുകളിൽ കുരുങ്ങി ഇരുചക്ര യാത്രികർ അപകടത്തിൽപ്പെടുന്നത് തുടർക്കഥയാണ്. നിശ്ചിത ഉയരപരിധി പാലിക്കാതെയും അനധികൃതമായും കേബിൾ വലിക്കുന്നവർക്കെതിരെ നടപടിയെടുക്കാൻ നഗരസഭ തീരുമാനിച്ചിരുന്നെങ്കിലും നടപ്പാക്കിയിട്ടില്ല.
കെ.എസ്.ഇ.ബി, സർക്കാർ, പൊതുമേഖല, സ്വകാര്യ കമ്പനി പ്രതിനിധികൾ യോഗം ചേരുകയും ഉപയോഗശൂന്യമായ കേബിളുകൾ നീക്കാനും കേബിളുകൾ ആരുടേതെന്ന് തിരിച്ചറിയുന്ന ടാഗ് സ്ഥാപിക്കാാനും തീരുമാനിച്ചിരുന്നു.
ബലമില്ലാത്ത പോസ്റ്റുകളിലൂടെയാണ് കേബിളുകൾ വലിക്കുന്നത്. ഭാരം താങ്ങാനാകാതെ തകർന്നുവീഴാറായ ഒട്ടേറെ കേബിൾ പോസ്റ്റുകളുണ്ട്. പോസ്റ്റുകൾ ചരിഞ്ഞാലും കേബിൾ അയഞ്ഞു തൂങ്ങിക്കിടന്നാലും നടപടിയെടുക്കാറില്ല.