
ബാക്കി സീറ്റിലും എൻ.ആർ.ഐ ക്വാട്ടയിലും ഉയർന്ന ഫീസ് ആവശ്യപ്പെടും
കൊച്ചി: രാജ്യത്തെ സ്വകാര്യ സ്വാശ്രയ , ഡീംഡ് മെഡിക്കൽ കോളേജുകളിലെ പകുതി ബിരുദ, ബിരുദാനന്തര സീറ്റുകളിൽ സർക്കാർ ഫീസിൽ പ്രവേശനം നൽകണമെന്ന നാഷണൽ മെഡിക്കൽ കമ്മിഷന്റെ (എൻ.എം.സി) ഉത്തരവിനെ മാനേജ്മെന്റുകൾ എതിർക്കില്ല. എന്നാൽ, ബാക്കി സീറ്റുകളിലും എൻ.ആർ.ഐ ക്വാട്ടയിലും ഉയർന്ന ഫീസ് ആവശ്യപ്പെടും.
ഈ വർഷത്തെ എം.ബി.ബി.എസ് പ്രവേശനം അന്തിമഘട്ടത്തിലായതിനാൽ ഉത്തരവ് അടുത്ത വർഷമാകും നടപ്പാക്കുക. എൻ.എം.സി തീരുമാനത്തെ എതിർക്കേണ്ടെന്നാണ് പൊതുവികാരമെന്ന് സ്വാശ്രയ മെഡിക്കൽ കോളേജ് മാനേജ്മെന്റ് വൃത്തങ്ങൾ പറഞ്ഞു. പ്രവർത്തനച്ചെലവിനുള്ള വരുമാനം പകുതി സീറ്റിലെ ഫീസിൽ നിന്ന് ലഭിച്ചാൽ മതിയെന്നാണ് നിലപാട്. കോളേജിന്റെ മൂന്നു വർഷത്തെ പ്രവർത്തനച്ചെലവ് വിലയിരുത്തി പകുതി സീറ്റുകളിൽ ഫീസ് നിശ്ചയിക്കാൻ എൻ.എം.സി നിർദ്ദേശിച്ചിട്ടുണ്ട്. സംസ്ഥാനങ്ങളിലെ ഫീസ് നിർണ്ണയാധികാര സമിതിക്ക് തീരുമാനമെടുക്കാം. ഒരു കോഴ്സിൽ രണ്ടുതരം ഫീസ് വാങ്ങാനാകില്ലെന്ന് 2002ൽ സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിയുണ്ട്. എന്നാൽ, പാർലമെന്റ് പാസാക്കിയ നിയമപ്രകാരം പ്രവർത്തിക്കുന്ന സംവിധാനമായ എൻ.എം.സിയുടെ തീരുമാനം സുപ്രീംകോടതി ഉത്തരവിന്റെ ലംഘനമാകില്ലെന്ന് നിയമവിദഗ്ദ്ധർ പറയുന്നു.
കേരളത്തിൽ
നിലവിലെ ഫീസ്:
സർക്കാർ മെഡി. കോളേജുകളിൽ -27,580 രൂപ
സ്വാശ്രയത്തിലെ 85 % സീറ്റിൽ-6.95 ലക്ഷം രൂപ
16 % എൻ.ആർ.ഐ ക്വാട്ടയിൽ -20 ലക്ഷം രൂപ
സ്വാശ്രയ മെഡി. കോളേജുകൾ -19
നേട്ടങ്ങൾ
രണ്ടു സ്വാശ്രയ കോളേജുകൾ ഒരു സർക്കാർ കോളേജിന് തുല്യമാകും
നീറ്റിൽ ഉയർന്ന റാങ്കുണ്ടെങ്കിലും പണമില്ലാത്തതിനാൽ എം.ബി.ബി.എസ് പഠനം ഉപേക്ഷിക്കുന്നത് ഒഴിവാകും
സമർത്ഥരായ കൂടുതൽ സാധാരണക്കാർക്ക് മെഡിക്കൽ പഠനാവസരം
രണ്ടു വിദഗ്ദ്ധ സമിതികളുടെ റിപ്പോർട്ടുകളിൽ ബന്ധപ്പെട്ടവരുടെയും പൊതുജനങ്ങളുടെയും അഭിപ്രായം തേടിയശേഷമാണ് തീരുമാനം. മെരിറ്റിൽ മുന്നിലെത്തുന്നവർക്ക് സർക്കാർ ഫീസിൽ പഠിക്കാൻ അവസരം ലഭിക്കും. ലാഭേച്ഛയോടെ പ്രവർത്തിക്കേണ്ടതല്ല മെഡിക്കൽ കോളേജുകൾ."
-എൻ.എം.സി സർക്കുലർ
"മെഡിക്കൽ കമ്മിഷന്റെ തീരുമാനം അംഗീകരിക്കാൻ മടിയില്ല. കോളേജിന്റെ നടത്തിപ്പിന് ആവശ്യമായ വരുമാനം ലഭിക്കുന്ന തരത്തിൽ ബാക്കി സീറ്റുകളിൽ ഫീസ് നിർണ്ണയിച്ചാൽ മതി."
-അനിൽകുമാർ
സെക്രട്ടറി
പ്രൈവറ്റ് മെഡി. കോളേജ്
മാനേജ്മെന്റ് അസോ.