അങ്കമാലി : തുറവൂർ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന് സംസ്ഥാന സർക്കാരിന്റെ കായകൽപ് പുരസ്കാരം.
ശുചിത്വം, പരിപാലനം, അണുബാധ നിയന്ത്രണം എന്നീ രംഗത്തെ മികച്ച പ്രവർത്തനത്തിന് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾക്ക് 70 ശതമാനത്തിലധികം മാർക്കുള്ള വിഭാഗത്തിലാണ് പുരസ്കാരം. 89.6 ശതമാനം മാർക്കോടെയാണ് 50000 രൂപയുടെ പുരസ്കാരത്തിന് അർഹത നേടിയത്.
ജില്ലാ തലത്തിലും പിന്നീട് സംസ്ഥാന തലത്തിലും നടന്ന പരിശോധനകൾക്ക് ശേഷമാണ് തിരെഞ്ഞെടുത്തത്. ആധുനികവത്കരിച്ച ഒ.പി , ഫാർമസി , വാക്സിനേഷൻ സെന്റർ അടക്കം മികച്ച സൗകര്യങ്ങളാണ് ആശുപത്രിയിലുള്ളത്. ബ്ലോക്ക് പഞ്ചായത്തിൽ നിന്നും ആംബുലൻസും ജില്ലാ പഞ്ചായത്തിൽ നിന്നും ഓക്സിജൻ ബെഡുകളും പുതുതായി ആശുപത്രിക്ക് അനുവദിച്ചിട്ടുണ്ട്. മെഡിക്കൽ ഓഫീസർ ഡോ. അരുൺ ബി. കൃഷ്ണയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
സംസ്ഥാന സർക്കാരിന്റെ കായകൽപ് പുരസ്കാരം നേടിയ കേന്ദ്രത്തിലെ ജീവനക്കാരെയും മെഡിക്കൽ ഓഫിസറെയും എൽ.ഡി.എഫ് പാർലിമെന്ററി പാർട്ടിയുടെ നേതൃത്വത്തിൽ അഭിനന്ദിച്ചു. കൊവിഡ് പ്രതിരോധ രംഗത്ത് മികച്ച ഡി.സി.സിയും സ്പെഷ്യൽ വാക്സിനേഷൻ ഡ്രൈവും, ടെലിമെഡിസിൻ സേവനവും ഏറ്റവും നല്ല രീതിയിൽ ആശുപത്രിയുടെ നേതൃത്വത്തിൽ നടത്തിയെന്ന് എൽ.ഡി.എഫ് പാർലിമെന്ററിപാർട്ടി ലീഡറും പഞ്ചായത്തംഗവുമായ എം.എസ്. ശ്രീകാന്ത് പറഞ്ഞു.