അങ്കമാലി: അങ്കമാലി മലമ്പനി വിമുക്ത നഗരസഭയായി ചെയർമാൻ റെജി മാത്യു പ്രഖ്യാപിച്ചു. ആരോഗ്യ വകുപ്പിന്റെ നിർദ്ദേശാനുസരണം വാർഡ് സർവേ, അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ മലമ്പനി നിർണ്ണയത്തിനായുള്ള രക്ത സാമ്പിളുകകളുടെ ശേഖരണം, പരിശോധന, മറ്റു സംസ്ഥനങ്ങൾ സന്ദർശിച്ച് തിരികെ എത്തുന്നവർക്ക് മലമ്പനി പരിശോധന നടത്തുക തുടങ്ങിയ പ്രവർത്തനങ്ങളാണ് ഇതിന്റെ ഭാഗമായി നഗരസഭയിലെ മുഴുവൻ വാർഡുകളിലും നടത്തിയത്. അങ്കമാലി മുനിസിപ്പാലിറ്റിക്കുള്ളിൽ കഴിഞ്ഞ അഞ്ചു വർഷക്കാലയളവിൽ തദ്ദേശീയമായ മലമ്പനി ഒന്നും തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇതിനായി ആശാ പ്രവർത്തകരെ ഉൾപ്പെടുത്തി എല്ലാ വാർഡ്‌കളിലും പനി സർവേയും മുനിസിപ്പൽ ടാസ്ക് ഫോഴ്‌സിനെ ഉൾപ്പെടുത്തി ബോധവത്കരണവും നടത്തിയിരുന്നു.

ചടങ്ങിൽ അങ്കമാലി മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ റീത്താപോൾ അദ്ധ്യക്ഷത വഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. നസീമ നജീബ് ഇതുമായി ബന്ധപ്പെട്ട് നടന്ന പ്രവർത്തനങ്ങൾ വിശദീകരിച്ചു. ആരോഗ്യസമിതി ചെയർമാൻ സാജു നെടുങ്ങാടൻ, വികസനകാര്യകമ്മിറ്റി ചെയർമാൻ ബാസ്റ്റിൻ പാറക്ക , നഗരസഭാ കൗൺസിലർ ജെസ്മി ജിജോ, ഷൈനി മാർട്ടിൻ ഹെൽത്ത് സൂപ്പർവൈസർ ഷംസുദ്ധീൻ, ഹെൽത്ത്‌ ഇൻസ്‌പെക്ടർ റാഫി ജോസഫ്, തുടങ്ങിയവർ പങ്കെടുത്തു .