അങ്കമാലി: കൊവിഡ് മഹാമാരിയുടെ ഒന്നും രണ്ടും തരംഗങ്ങളിൽ സൗജന്യ സേവനത്തിന്റെ ഉത്തമ മാതൃകയായി പ്രവർത്തിച്ച 'റെഡ് കെയർ 'സന്നദ്ധ സേവന വാഹനം മൂന്നാം തരംഗത്തിലും റെഡി. കൊവിഡ് ബാധിച്ചവരെ ആശുപത്രിയിൽ കൊണ്ടുപോകാനും അവർക്കാവശ്യമായ മരുന്നും ഭക്ഷണവുമെത്തിക്കാനും റെഡ്കെയറിന്റെ നേതൃത്വത്തിലുള്ള പ്രവർത്തകർ രാപ്പകൽ സജീവമാണ്.
കഴിഞ്ഞ കൊവിഡ് കാലത്ത് വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള നിരവധി പേർ കൊവിഡ് കെയർ യാത്രാ സൗകര്യമൊരുക്കി. രോഗികളിൽ നിന്ന് വാടകയൊന്നും വാങ്ങാതെ തികച്ചും സൗജന്യമായാണ് സേവനം.സി.പി.എം നായത്തോട് സൗത്ത് ബ്രാഞ്ച് നേതൃത്വം നൽകി. "പാലസ് ഫുഡ് കോർട്ട് " വാടക വാങ്ങാതെ വിട്ടു നൽകിയ വാഹനമാണ് റെഡ്കെയർ സേവനത്തിനായ് ഉപയോഗിച്ചിരുന്നത്.
മൂന്നാം തരംഗത്തിൽ നഗരസഭ പ്രതിപക്ഷനേതാവും സി.പി.എം ലോക്കൽകമ്മിറ്റി അംഗവുമായ ടി.വൈ. ഏല്യാസിന്റെ വാഹനമാണ് സേവനത്തിനായി തയ്യാറായിരിക്കുന്നത്. കൊവിഡ് രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഈ സമയത്ത് സാധാരണക്കാർക്ക് ഏറെ പ്രയോജനപ്രദമാണ് റെഡ്കെയർ സേവനം. പ്രദേശത്തെ കൊവിഡ് രോഗികളിൽ ആവശ്യമുള്ളവർക്ക് സമൂഹഅടുക്കളയും ഒരുക്കി സൗജന്യമായി ഭക്ഷണവും നൽകി വരുന്നു. നായത്തോട് പ്രദേശത്തെ 5 വാർഡുകൾ കേന്ദ്രീകരിച്ചാണ് റെഡ് കെയറിന്റെ പ്രവർത്തനം