
കൊച്ചി: വരാപ്പുഴ അതിരൂപത മുൻ വികാരി ജനറലും എറണാകുളം സെന്റ് ഫ്രാൻസിസ് അസ്സീസി കത്തീഡ്രൽ വികാരിയുമായ മോൺസിഞ്ഞോർ ജോസഫ് പാടിയാരംപറമ്പിൽ (69) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപറമ്പിലിന്റെ മുഖ്യകാർമ്മികത്വത്തിൽ പെരുമ്പിള്ളി തിരുക്കുടുംബ ദേവാലയത്തിൽ. എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ, സെന്റ് ജോസഫ് മൈനർ സെമിനാരി റെക്ടർ, പെരുമ്പിള്ളി ക്രിസ്തുജയന്തി ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേറ്റർ, ഹോളി എയ്ഞ്ചൽസ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ തുടങ്ങിയ മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഒട്ടേറെ ഇടവകകളിൽ വികാരിയായിരുന്നു.
കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (കെ.എൽ.സി.എ) സ്‌പെഷ്യൽ ഡയറക്ടർ, ജനറൽ കോഓർഡിനേറ്റർ ഫോർ മിനിസ്ട്രീസ് ആൻഡ് കമ്മിഷൻസ്, അതിരൂപതാ ഹെറിറ്റേജ് കമ്മിഷൻ ഡയറക്ടർ, അതിരൂപതാ ആലോചന സമിതി അംഗം, ഫൊറോനാ വികാരി തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
എറണാകുളം സെന്റ് ഫ്രാൻസിസ് അസ്സീസി കത്തീഡ്രൽ ദേവാലയത്തിൽ പൊതുദർശനത്തിന് വച്ച മൃതദേഹം ഇന്നലെ വൈകിട്ട് ഞാറയ്ക്കൽ സർക്കാർ ആശുപത്രിക്ക് സമീപത്തെ പാടിയാരംപറമ്പിൽ വീട്ടിൽ എത്തിച്ചു. ഇന്നു രാവിലെ 8.15 മുതൽ 10.30 വരെ പെരുമ്പിള്ളി തിരുക്കുടുംബ ദേവാലയത്തിൽ പൊതുദർശനത്തിന് വയ്ക്കും.