media

കൊച്ചി: സുരക്ഷാ ക്ളിയറൻസില്ലെന്ന് ചൂണ്ടിക്കാട്ടി മീഡിയ വൺ ചാനലിന്റെ സംപ്രേഷണം തടഞ്ഞ കേന്ദ്ര സർക്കാർ ഉത്തരവിനെതിരെ ചാനലുടമകളായ മാദ്ധ്യമം ബ്രോഡ്‌കാസ്റ്റിംഗ് ലിമിറ്റഡ് നൽകിയ ഹർജി ഹൈക്കോടതി തള്ളി.

സംപ്രേഷണം വിലക്കിയ ജനുവരി 31ലെ കേന്ദ്ര ഉത്തരവ് നടപ്പാക്കുന്നത് ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ തടഞ്ഞിരുന്നു. ഇന്നലെ ഹർജി തള്ളിയതോടെ സംപ്രേഷണം വീണ്ടും നിറുത്തി. ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകാനായി വിധി നടപ്പാക്കൽ രണ്ടു ദിവസത്തേക്ക് മാറ്റണമെന്ന ഹർജിക്കാരുടെ ആവശ്യവും അനുവദിച്ചില്ല.

ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട കാരണങ്ങളാലാണ് ചാനലിന് അനുമതി നിഷേധിച്ചതെന്ന കേന്ദ്ര സർക്കാർ വിശദീകരണവും ബന്ധപ്പെട്ട ഫയലുകളും പരിശോധിച്ച ശേഷമാണ് ജസ്റ്റിസ് എൻ. നഗരേഷിന്റെ ഉത്തരവ്. പത്രപ്രവർത്തക യൂണിയനും ചാനൽ ജീവനക്കാരും ഹർജിയിൽ കക്ഷി ചേർന്നിരുന്നു.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഫയലുകളും രേഖകളും ഹാജരാക്കാൻ കോടതി നിർദ്ദേശം നൽകിയിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥ സമിതി ചാനലിന്റെ സുരക്ഷാ ക്ളിയറൻസുമായി ബന്ധപ്പെട്ടു നടത്തിയ ചർച്ചകളും അഭിപ്രായങ്ങളും ഫയലിൽ ഉൾപ്പെട്ടിരുന്നു. ഇവ പരിശോധിച്ച ഹൈക്കോടതി മീഡിയ വൺ ചാനൽ കമ്പനിക്കെതിരെ സുരക്ഷാ ഏജൻസികൾ നൽകിയ വിവരങ്ങൾ ഗൗരവമുള്ളതും ദേശീയ സുരക്ഷയെ ബാധിക്കുന്നതാണെന്നും ചൂണ്ടിക്കാട്ടി. തുടർന്നാണ് ഉദ്യോഗസ്ഥ സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലുള്ള വിലക്കിൽ അപാകതയി​ല്ലെന്ന് വിധി പറഞ്ഞത്.