കിഴക്കമ്പലം: കുന്നത്തുനാട് പൊലീസ് സ്റ്റേഷനിലെ ഉപയോഗശൂന്യമായ വാട്ടർടാങ്ക് പൊളിച്ചു മാറ്റാൻ തീരുമാനം. ഇതുസംബന്ധിച്ച് കഴിഞ്ഞ അഞ്ചാം തീയതി കേരളകൗമുദിയിൽ പ്രസിദ്ധീകരിച്ച വാർത്തയെ തുടർന്ന് അഡ്വ.പി.വി. ശ്രീനിജിൻ എം.എൽ.എ വിഷയത്തിൽ ഇടപെടുകയായിരുന്നു. ഇന്നലെ പൊതുമരാമത്ത് ബിൽഡിംഗ് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയറടക്കമുള്ള ഉദ്യോഗസ്ഥർ പരിശോധന നടത്തി.
ടാങ്കിന്റെ ശോച്യവസ്ഥ സംബന്ധിച്ച് റിപ്പോർട്ട് ഉടൻ ഉന്നത ഉദ്യോഗസ്ഥർക്ക് നൽകും. ടാങ്ക് പൊളിക്കാനും സമീപത്തെ ഇടിഞ്ഞുപോയ മതിലും നിലവിലുള്ള കിണറിന്റെ ചുറ്റുമതിലടക്കം പുതുക്കി പണിയുന്നതിനുമുള്ള നടപടികൾ ഉടനുണ്ടാകുമെന്ന് ഉദ്യോഗസ്ഥർ പൊലീസുകാരെ അറിയിച്ചു.
കാലപ്പഴക്കം വന്ന് പൊട്ടി വീഴാറായ വാട്ടർ ടാങ്കിനു കീഴെയുള്ള ഓഫീസിലാണ് പൊലീസ് സ്റ്റേഷനുള്ളത്. ജീവൻ പണയംവച്ചായിരുന്നു പൊലീസുകാർ ദിവസവും ജോലിക്കെത്തിയിരുന്നത്.
കാലപ്പഴക്കം കൊണ്ട് ഉപയോഗ ശൂന്യമായി, കോൺക്രീറ്റുകൾ അടർന്ന്, കമ്പികൾ തുരുമ്പിച്ച് ഏതുനിമിഷവും നിലം പൊത്താറായ സ്ഥിതിയിലാണ് വാട്ടർടാങ്ക്. സ്‌റ്റേഷൻ വളപ്പിൽ പ്രധാന ഓഫീസുകളോട് ചേർന്നാണ് ടാങ്കിന്റെ നിൽപ്. 1982 ൽ പൊലീസ് സ്‌റ്റേഷൻ നിർമ്മിച്ച കാലത്തുണ്ടാക്കിയതാണ് ടാങ്ക്. മൂന്നരപതിറ്റാണ്ട് പിന്നിടുമ്പോൾ ജീർണ്ണാവസ്ഥയിലായ വാട്ടർടാങ്ക് ജീവനുഭീഷണിയാണെന്ന് ഉയർന്ന ഉദ്യോഗസ്ഥരെ നിരവധി തവണ അറിയിച്ചെങ്കിലും പൊളിച്ചു മാറ്റുന്ന കാര്യത്തിൽ തീരുമാനമായിരുന്നില്ല. എം.എൽ.എയുടെ ഇടപെടൽ പൊലീസുകാർക്ക് വളരെ ആശ്വാസം നൽകുന്നതാണ്. സ്‌റ്റേഷൻ നിർമ്മിച്ച കാലത്ത് പൊലീസ് സ്‌റ്റേഷൻ വളപ്പിൽ പൊലീസ് ക്വർട്ടേഴ്‌സുമുണ്ടായിരുന്നു.
14 വർഷം മുമ്പ് കാലപ്പഴക്കം കൊണ്ട് കോൺക്രീറ്റുകൾ അടർന്ന് മഴവെള്ള ചോർച്ചയുമായതോടെ ക്വാർട്ടേഴ്‌സുകൾ പൊളിഞ്ഞു വീഴുന്ന സ്ഥിതിയിലെത്തിയപ്പോൾ പൊതുമരാമത്ത് വകുപ്പ് പൊളിച്ചു മാറ്റി. അന്ന് ടാങ്കിന്റെ ശോചനീയാവസ്ഥ ശ്രദ്ധയിൽ പെടുത്തിയെങ്കിലും പൊളിക്കാൻ നടപടിയുണ്ടായില്ല. അതിനു ശേഷം ഒരു പതിറ്റാണ്ട് കൂടി ഉപയോഗശൂന്യമായി ടാങ്കിന്റെ നിൽപ്പ് തുടർന്നു. അന്നു മുതൽ ചോർച്ചയുള്ളതിനാൽ മറ്റൊരു പ്ലാസ്റ്റിക് ടാങ്ക് വാങ്ങി സ്‌റ്റേഷനിലെ കുടിവെള്ള വിതരണം സുഗമമാക്കി. ഇപ്പോൾ ഓരോ ദിവസവും ടാങ്കിന്റെ അടിഭാഗത്തു നിന്ന് കോൺക്രീറ്റ് പാളികൾ അടർന്നു വീഴുകയാണ്. സ്റ്റേഷനു സമീപം മൾട്ടിപ്ളെക്‌സ് തീയറ്ററുണ്ട്. തീയറ്ററിലേയ്ക്കെത്തുന്ന വഴിയുടെ സമീപമാണ് ടാങ്ക്. ഇതും അപകടഭീഷണി വർദ്ധിപ്പിച്ചിരുന്നു.