
കൊച്ചി: വടുതല ബണ്ടിലെ ഡ്രഡ്ജിംഗുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകാനാകില്ലെന്ന് കൊച്ചി പോർട്ട് ട്രസ്റ്റ്. കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന വിഷയമായതിനാൽ ഇത് സംബന്ധിച്ച ഒരു വിവരവും നൽകാനാകില്ലെന്നാണ് വിവരാവകാശ അപേക്ഷയ്ക്ക് നൽകിയ മറുപടി. പ്രശ്‌നത്തിൽ സജീവ ഇടപെൽ നടത്തുന്ന സോഷ്യൽ ആക്‌ഷൻ വെൽഫെയർ അലയൻസ് സൊസൈറ്റിയാണ് (സ്വാസ്) അപേക്ഷ നൽകിയത്.
റെയിൽവേ മേൽപ്പാലം നിർമ്മാണവുമായി ബന്ധപ്പെട്ട് പണിത ബണ്ടിൽ അടിഞ്ഞുകൂടിയ ചെളിയും എക്കലും നീക്കണമെന്ന ഹൈക്കോടതി ഉത്തരവിന് പിന്നാലെ സംസ്ഥാന സർക്കാരാണ് പോർട്ടിനെ ഇതിനായി ചുമതലപ്പെടുത്തിയത്. ബന്ധപ്പെട്ട സ്ഥലം പോർട്ടിന്റേതാണ് എന്നതും റെയിൽവേ പാലം പണിതത് പോർട്ടിനു വേണ്ടി ആണെന്നുള്ളതുമായിരുന്നു കാരണം. എന്നാൽ, തങ്ങൾക്ക് അതിനുള്ള സാങ്കേതികവിദ്യകൾ ഇല്ലെന്ന വാദം നിരത്തി പോർട്ട് കോടതിയേ സമീപിച്ചിരുന്നു. ഇത് മുൻനിറുത്തിയാണ് വിവരങ്ങൾ ലഭ്യമാക്കാനാകില്ല എന്ന നിലപാട് പോർട്ട് സ്വീകരിച്ചത്.
എന്നാൽ, സമർപ്പിച്ച രേഖകൾ നൽകരുത് എന്ന് കോടതി പറഞ്ഞാൽ മാത്രമേ അത് നിഷേധിക്കേണ്ടതുള്ളു എന്ന് വിവരാവകാശ നിയമത്തിൽ പറയുന്നു. ബണ്ട് കേസിൽ അങ്ങനെയൊരു കോടതി നിർദേശമില്ലെന്നും പോർട്ട് തങ്ങളുടെ വീഴ്ച മറയ്ക്കാനും ബണ്ട് പൊളിക്കാൻ തങ്ങൾക്ക് ഉത്തരവാദിത്തമില്ല എന്ന് തെളിയിക്കാനും വേണ്ടിയാണ് വിവിരാവകാശം നിഷേധിച്ചതെന്നും സ്വാസും ആരോപിക്കുന്നു.
വിവരാവകാശത്തിലൂടെ ആവശ്യപ്പെട്ടത്
22-10-2021
(ബണ്ടിലെ ചെളിനീക്കാൻ കോടതി ഉത്തരവ്)
27-10-2021
(ചെളിനീക്കാൻ പോർട്ടിനെ സർക്കാർ ചുമതലപ്പെടുത്തിയത്. ഇതിനു പിന്നാലെ പോർട്ട് ഹൈക്കോടതിയെ സമീപിച്ചു)
വിവരാവകാശ നിയമത്തിൽ
രഹസ്യമായി സൂക്ഷിക്കേണ്ടത് എന്ന് കോടതി നിർദേശമുള്ള രേഖകൾ മാത്രമേ കക്ഷികൾക്ക് ലഭിക്കാതിരിക്കൂ. വെളിപ്പെടുത്തുന്നതിൽ നിന്ന് ഏതെങ്കിലും കോടതി വിലക്കിയിട്ടില്ലാത്ത വിവരങ്ങൾ നൽകുന്നത് 8(1)(A) പ്രകാരം കോടതിയലക്ഷ്യമാവില്ല.
സ്വാസ് നിലപാട്
കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാൽ വിവരങ്ങൾ നൽകാനാകില്ല എന്ന മറുപടിയിൽ തൃപ്തരല്ല. ഇതുമായി ബന്ധപ്പെട്ട് അപ്പീൽ നല്കും. വിവരങ്ങൾ ലഭിക്കാതെ പിന്മാറില്ല.