
കൊച്ചി: വധ ഗൂഢാലോചന കേസിൽ നടൻ ദിലീപുൾപ്പെടെയുള്ള മൂന്ന് പ്രതികളുടെ ശബ്ദ സാമ്പിൾ ക്രൈംബ്രാഞ്ച് ശേഖരിച്ചു. സംവിധായകൻ ബാലചന്ദ്രകുമാർ കൈമാറിയ ഓഡിയോ ക്ലിപ്പുകളിലെ ശബ്ദം പ്രതികളുടേതാണോ എന്ന് സ്ഥിരീകരിക്കുന്നതിനാണ് നടപടി.
ഇന്നലെ രാവിലെ 11ന് കാക്കനാട് ചിത്രാഞ്ജലി സ്റ്റുഡിയോയിൽ ദിലീപും സഹോദരൻ അനൂപും സഹോദരീ ഭർത്താവ് സുരാജുമെത്തി. മൂവരെയും പ്രത്യേകമിരുത്തിയാണ് എഴുതി നൽകിയ കുറിപ്പ് വായിപ്പിച്ചത്. അല്ലാതെയുള്ള സംസാരവും റെക്കാർഡ് ചെയ്തിട്ടുണ്ട്. തിരുവനന്തപുരത്തെ ഹൈടെക്ക് സെല്ലിലേക്ക് ഇവ ഫോറൻസിക് പരിശോധനയ്‌ക്കയക്കും. ഒരാഴ്ചയ്ക്കുള്ളിൽ ഫലം ലഭിക്കുമെന്നാണ് പ്രതീക്ഷ.
ബാലചന്ദ്രകുമാർ കൈമാറിയ ശബ്ദത്തിന്റെ അധികാരികതയെ ഇതുവരെ ദിലീപ് ചോദ്യം ചെയ്തിട്ടില്ല. ഇത് ശാപവാക്കായിരുന്നു എന്നായിരുന്നു ഹൈക്കോടതിയിൽ ദിലീപിന്റെ വാദം.
ദിലീപ് കോടതിയിലേക്ക്
ഗൂഢാലോചന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് ഉടൻ ഹൈക്കോടതിയെ സമീപിക്കും. ഗൂഢാലോചനയ്ക്ക് തെളിവില്ലെന്ന് ഹൈക്കോടതി പറഞ്ഞ സാഹചര്യത്തിൽ എഫ്.ഐ.ആർ നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാകും നീക്കം.