1

പള്ളുരുത്തി: എറണാകുളം, ആലപ്പുഴ ജില്ലകളെ ബന്ധിപ്പിക്കുന്ന കുമ്പളങ്ങി കെൽട്രോൺ പാലത്തിന്റെ സ്ഥലം ഏറ്റെടുപ്പിന് സാമൂഹിക പ്രത്യാഘാത വിലയിരുത്തൽ പഠനത്തിന്റെ ഭാഗമായി പബ്ലിക് ഹിയറിംഗ് നടത്തി. കെ.ജെ. മാക്സി എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ കുമ്പളങ്ങി പഴങ്ങാട് പള്ളിഹാളിൽ ചേർന്ന യോഗത്തിൽ അരൂർ എം.എൽ.എ ദലീമ ജോജോയും സന്നിഹിതയായിരുന്നു.

ഭൂമി നഷ്ടമാകുന്നവരും പ്രദേശവാസികളും പങ്കെടുത്ത ഹിയറിംഗിൽ അവരുടെ ആശങ്കകളും അഭിപ്രായങ്ങളും ചർച്ചചെയ്തു; ആവശ്യമായ നിർദേശങ്ങളും നൽകി. ഭൂമി നഷ്ടമാകുന്നവർക്ക് പൊന്നുംവില നടപടി പ്രകാരം ന്യായമായ നഷ്ടപരിഹാരം നൽകുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറഞ്ഞു.

എറണാകുളം ജില്ലാ കളക്ടർ നിയോഗിച്ച, കോതമംഗലം ആസ്ഥാനമായ യൂത്ത് സോഷ്യൽ സർവീസ് ഓർഗനൈസേഷൻ നടത്തിയ പഠനത്തിന്റെ അന്തിമ റിപ്പോർട്ട്‌ ഉടൻ നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. കുമ്പളങ്ങി, അരൂർ പഞ്ചായത്ത് അധികൃതരും എറണാകുളം-ചേർത്തല സ്പെഷ്യൽ തഹസിൽദാറുമാരും പാലത്തിന്റെ നിർമ്മാണ പ്രവൃത്തികൾ നടത്തുന്ന ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.