padam

കോലഞ്ചേരി: കൃഷി യോഗ്യമായ പോട്ടേപാടം റിയൽ എസ്റ്റേറ്റ് മാഫിയ കൈയടക്കി. പാടം നികത്തി അനധികൃത നിർമ്മാണങ്ങൾ നടക്കുകയാണ്. റവന്യു, കൃഷി, പൊലീസ് വകുപ്പുകളുടെ ഒത്താശയോടെയാണ് നടപടിയെന്ന് നാട്ടുകാർ ആരോപിക്കുന്നു.

ആഴ്ചകൾ മുമ്പ് കൃഷി വില്ലേജ് അധികൃതർ സ്ഥലം സന്ദർശിച്ച് സ്​റ്റോപ്പ് മെമ്മോ നൽകിയതാണ്. എന്നാൽ അനധികൃത നിർമ്മാണം ഇപ്പോഴും നിർബാധം തുടരുന്നു. ഏക്കർ കണക്കിന് വരുന്ന പാടശേഖരം കോൺക്രീ​റ്റ് മതിൽ കെട്ടി തിരിച്ച് അതിനകത്താണ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്. റിയൽ എസ്റ്റേറ്റ് ഗുണ്ടകളുടെ ഒത്താശയോടെയാണ് മാഫിയ ഇവിടം അടക്കിവാഴുന്നത്.

ആഴ്ചകൾക്ക് മുമ്പുണ്ടായ അക്രമത്തിൽ പ്രദേശവാസികൾക്ക് പരിക്കേ​റ്റിരുന്നു. സംഭവത്തിൽ ഇത് വരെയും പൊലീസ് യാതൊരു നടപടിയും എടുത്തിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി. ഇക്കഴിഞ്ഞ ഞായറാഴ്ച്ച പാടത്ത് കൂട്ടി വച്ചിരുന്ന മണ്ണ്നിരത്താൻ വന്ന ഹി​റ്റാച്ചിയും ടിപ്പർ ലോറിയും റവന്യു വകുപ്പിന്റെ നിർദ്ദേശത്തെ തുടർന്ന് പൊലീസ് പിടികൂടിയിരുന്നു. പാടത്ത് വീണ്ടും അനധികൃത നിർമ്മാണപ്രവർത്തനം നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടെന്നും ഇത് സംബന്ധിച്ച് വിശദമായ റിപ്പോർട്ട് താലൂക്ക്, ആർ.ഡി.ഒ എന്നിവർക്ക് സമർപ്പിച്ചിട്ടുണ്ടെന്നും ഐക്കരനാട് സൗത്ത് വില്ലേജ് ഓഫിസർ പറഞ്ഞു.

പ്രദേശത്തെ പ്രമുഖ രാഷ്ട്രീയ പാർട്ടികൾക്കും മിണ്ടാട്ടമില്ല. നാളുകൾ മുമ്പ് ലക്ഷകണക്കിന് രൂപ മുടക്കി കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ പോട്ടേ പാടം കൃഷി ചെയ്തതാണ്. പ്രദേശത്തെ ഒരു മികച്ച ജലസംഭരിണിയായ പോട്ടേ പാടം നശിച്ചാൽ പ്രദേശം വരണ്ടുണങ്ങും. അനധികൃത നിർമ്മാണം മൂലം പാട വരമ്പുകളും കൈതോടുകളുമെല്ലാം നശിച്ചു. നിരവധി സ്​റ്റോപ്പ് മെമ്മോ നൽകിയിട്ടും ഇതിനെല്ലാം പുല്ല് വില കല്പിച്ചാണ് അനധികൃത നിർമ്മാണം തുടരുന്നത്.