
കൊച്ചി: കിഴക്കമ്പലം കിറ്റെക്‌സിൽ അന്യസംസ്ഥാന തൊഴിലാളികൾ പരസ്പരം ഏറ്റുമുട്ടുകയും പൊലീസിനെ ആക്രമിക്കുകയും ചെയ്ത കേസിൽ ജയിലിൽ കഴിയുന്നവരെ സഹായിക്കാൻ ഡിഫൻസ് കമ്മിറ്റി രൂപീകരിച്ചു. ട്രേഡ് യൂണിയൻ പ്രവർത്തകരും മനുഷ്യാവകാശ പ്രവർത്തകരും ഉൾപ്പെടുന്ന കമ്മിറ്റി നിയമസഹായവും തുടർജീവിതം ഉറപ്പാക്കുന്നതിനുള്ള സഹായവും നൽകുമെന്ന് ഭാരവാഹികൾ പറഞ്ഞു. സംഭവത്തിൽ അറസ്റ്റിലായ 174 തൊഴിലാളികൾ കഴിഞ്ഞ ഒരു മാസക്കാലയായി വിവിധ ജയിലുകളിലാണ്. 16 പേർക്കാണ് ജാമ്യം ലഭിച്ചത്. എന്നാൽ ആർക്കും വ്യക്തിപരമായ ജാമ്യവ്യവസ്ഥകൾ പാലിക്കാൻ കഴിയാത്തതിനാൽ ജയിലിന് പുറത്തിറങ്ങാൻ കഴിഞ്ഞിട്ടില്ലെന്ന് കമ്മിറ്റി കൺവീനർ ജോർജ് മാത്യു പറഞ്ഞു.