അങ്കമാലി : സംസ്ഥാന സർക്കാരിന്റെ 12 ഇന പരിപാടിയുടെ ഭാഗമായി നടപ്പിലാക്കുന്ന ടേക്ക് എ ബ്രേക്ക് പദ്ധതിക്കെതിരെ സി.പി.എമ്മും ബി.ജെ.പിയും രംഗത്ത്. നഗരസഭ ദീർഘദൂര യാത്രക്കാർക്കായി നിർമ്മിക്കുന്ന ടേക്ക് എ ബ്രേക്ക് വിശ്രമകേന്ദ്രം വേങ്ങുരിൽ നിന്നും മാറ്റിസ്ഥാപിക്കണമെന്നാണ് ആവശ്യം. വിശ്രമകേന്ദ്രം ജനവാസ മേഖലയിൽ നിന്ന് മാറ്റി സ്ഥാപിക്കണമെന്ന് നഗരസഭ പ്രതിപക്ഷ നേതാവ് ടി.വൈ. ഏല്യാസും എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി സെക്രട്ടറി പി.എൻ.ജോഷിയും ആവശ്യപ്പെട്ടു.

വിശ്രമകേന്ദ്രത്തിന് അനുയോജ്യമായ സ്ഥലം വേങ്ങൂർ ഡബിൾ പാലത്തിനോട് ചേർന്നും ജെ.ബി.എസ് സ്കൂളിനു സമീപവുമുണ്ടെന്നും അങ്ങോട്ട് മാറ്റി സ്ഥാപിക്കണമെന്ന് എൽ.ഡി.എഫ്.എഫ് നേതാക്കൾ ചൂണ്ടികാട്ടി.

പദ്ധതി പത്താം വാർഡിൽ തുടങ്ങുവാനുള്ള നീക്കം പുന:പരിശോധിക്കണമെന്ന് ബി.ജെ.പി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പരിസരവാസികളുടെ അഭിപ്രായം മാനിച്ചു കൊണ്ടാണ് നിലപാടെന്ന് ബി.ജെ.പി. മണ്ഡലം പ്രസിഡന്റ് എൻ. മനോജ് പറഞ്ഞു. ഇതു സംബന്ധിച്ച് വാർഡ് കൗൺസിലർ എ.വി.രഘു നഗരസഭ അധികാരികൾക്ക് നിവേദനം നൽകും. കൗൺസിലർ സന്ദീപ് ശങ്കർ , മണ്ഡലം ജനറൽസെക്രട്ടറി ഇ.എൻ. അനിൽ എന്നിവർ സ്ഥലം സന്ദർശിച്ചു.