road

ആലുവ: ആലുവ മൂന്നാർ റോഡിന്റെ ഭാഗമായ ആലുവ - കോതമംഗലം റോഡ് കിഫ്ബി ഫണ്ട് ഉപയോഗിച്ച് നാല് വരിയാക്കുന്നതിന്റെ ഭാഗമായി ആലുവ നഗരത്തിൽ വൻ വികസന പദ്ധതികൾ തയ്യാറായി. പുളിഞ്ചോട്, കാരോത്തുകുഴി, ജില്ലാആശുപത്രി കവല, പവർഹൗസ് എന്നിവിടങ്ങൾ പ്രധാന കവലകളാകും.

നിലവിലുള്ള റോഡിന്റെ മദ്ധ്യത്തിൽ നിന്ന് ഇരുവശങ്ങളിലേക്കും 11.5 മീറ്റർ വീതം കൂട്ടി 23 മീറ്ററാക്കും.കോതമംഗലത്ത് നിന്നുള്ള റോഡ് ആലുവ പവർഹൗസിൽ നിന്ന് ജില്ലാആശുപത്രി കവല, കാരോത്തുകുഴി കവല വഴി സ്വകാര്യ വ്യക്തിയുടെ സ്ഥലത്തിലൂടെ മേൽപ്പാലത്തിന്റെ അടിയിലെത്തി ദേശീയപാതയിൽ സംഗമിക്കും. നിലവിൽ കാരോത്തുകുഴി കവലയിൽ നിന്നും പുളിഞ്ചോട്ടിലേക്ക് പോകുന്ന റോഡ് മൂന്ന് വരിയാക്കുന്നതിന് ഇരുവശങ്ങളിൽ നിന്നും രണ്ട് മീറ്റർ വീതം സ്ഥലം എറ്റെടുക്കും. ടൗണിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് കാരോത്തുകുഴി കവലയിൽ നിന്നും പുളിഞ്ചോട്ടിലേക്ക് ഫ്രീ ലെഫ്റ്റാക്കും. നാല് വരി പാത ദേശീയപാത സമാന്തര റോഡിൽ സംഗമിക്കുന്നത് മേൽപ്പാലത്തിന് താഴെയാണ്. മേൽപ്പാലത്തിന്റെ താഴെ നിന്നും വലത്തേക്ക് പോകുന്ന സർവീസ് റോഡ് മൂന്ന് വരിയാക്കും. ഇടത് ഉളിയന്നൂർ - പുളിഞ്ചോട് ഭാഗത്തേക്ക് പോകുന്ന സർവീസ് റോഡും മൂന്ന് വരിയാക്കും.

പുളിഞ്ചോട് കവലയിലുള്ള ട്രാഫിക്ക് സിഗ്‌നൽ ഒഴിവാക്കും. ടൗണിലേക്ക് വരുന്ന കളമശേരി ഭാഗത്ത് നിന്നുള്ള വാഹനങ്ങൾ നാല് വരിപ്പാതയാക്കുന്നതോടെ മേൽപ്പാലത്തിന്റെ മാർക്കറ്റ് ഭാഗത്തേക്കുള്ള സമാന്തര റോഡ് വഴി മേൽപ്പാലത്തിന്റെ താഴെ കൂടെ വലത്തേക്ക് തിരിഞ്ഞ് നിർദ്ദിഷ്ട നാല് വരി പാതയിലൂടെ ടൗണിലേക്ക് പ്രവേശിക്കാം. ജില്ലാആശുപത്രി കവലയിൽ യു ടേൺ ഏർപ്പെടുത്തും. അശോകപുരം കൊച്ചിൻബാങ്ക്, ചൂണ്ടി കവലകളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കും. സഹൃദയപുരത്തെ വളവ് നിവർത്തും. ആകെ 1051 കോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. അതിൽ ആലുവ മുതൽ എം.ഇ.എസ് കവല വരെയാണ് ആലുവ മണ്ഡലത്തിൽ വരുന്നത്.

ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു. തുടർന്ന് നടന്ന യോഗത്തിൽ അൻവർ സാദത്ത് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കളക്ടർ ജാഫർ മാലിക്, മുനിസിപ്പൽ ചെയർമാൻ എം.ഒ. ജോൺ, കിഫ്ബി എക്‌സിക്യൂട്ടീവ് ഡയറക്ടർ കെ.പി. പുരുഷോത്തമൻ, എ.എസ്.പി അരുൺ കെ. പവിത്രൻ, നാർക്കോട്ടിക് ഡി.വൈ.എസ്.പി സക്കറിയ മാത്യു, ആലുവ സി.ഐ എൽ. അനിൽകുമാർ, മിനി മാത്യു, ലക്ഷ്മി എസ്. ദേവി, ടെസി തോമസ് തുടങ്ങിയവർ പങ്കെടുത്തു.