തോപ്പുംപടി: കൊച്ചി ഫിഷറീസ് ഹാർബറിലെ ടോൾ പിരിവിൽ ഈമാസം പഴയസ്ഥിതി തുടരാൻ ഹാർബർ സംരക്ഷണ സമിതി ചെയർമാൻ കെ.ജെ. മാക്സി എം.എൽ.എയുടെ ആവശ്യപ്രകാരം കൊച്ചി തുറമുഖ ട്രസ്റ്റ് അധികൃതർ വിളിച്ച യോഗത്തിൽ തീരുമാനം. ടോൾ പിരിവ് സ്വകാര്യവത്കരിച്ചതിൽ പ്രതിഷേധം ശക്തമായ പശ്ചാത്തലത്തിലാണിത്. മുംബയ് ആസ്ഥാനമായ സ്വകാര്യ കമ്പനിക്കാണ് ടോൾ പിരിവിന് അനുമതി.
ഹാർബറിന്റെ സ്വകാര്യവത്കരണം ഉണ്ടാവില്ലെന്ന് പോർട്ട് വ്യക്തമാക്കിയെന്ന് സംരക്ഷണ സമിതി ജനറൽ കൺവീനർ ജാക്സൻ പൊള്ളയിലും വൈസ് ചെയർമാൻ എ.എം. നൗഷാദും പറഞ്ഞു. ടോൾ പിരിവ് മാത്രമാണ് സ്വകാര്യ കമ്പനിക്ക് നൽകിയിട്ടുള്ളത്. മറ്റു വിഭാഗങ്ങളിൽ പോർട്ട് ഉദ്യോഗസ്ഥർ ഉണ്ടാകും. ഹാർബർ അഡ്വൈസറി കമ്മിറ്റി യോഗം ചേർന്നശേഷമേ ടോൾ പിരിവ് തുടങ്ങാൻ അനുവദിക്കൂവെന്ന് സമിതി നേതാക്കൾ യോഗത്തിൽ അറിയിച്ചു. നേരത്തേ ഈമാസം പതിനഞ്ച് വരെയാണ് പഴയരീതി തുടരാൻ തീരുമാനിച്ചിരുന്നത്.
യോഗത്തിൽ കെ.ജെ മാക്സി എം.എൽ.എ, പോർട്ട് ട്രസ്റ്റ് ചെയർപേഴ്സൺ എം. ബീന, ചീഫ് മെക്കാനിക്കൽ എൻജിനീയർ തുറൈ പാണ്ഡ്യൻ,അസി.ട്രാഫിക് മാനേജർ ജോർജ്,സംരക്ഷണ സമിതി ജനറൽ കൺവീനർ ജാക്സൻ പൊള്ളയിൽ,ഭാരവാഹികളായ എ.എം. നൗഷാദ്, തോപ്പുംപടി പൊലീസ് ഇൻസ്പെക്ടർ എൻ.ആർ അനൂപ് തുടങ്ങിയവർ പങ്കെടുത്തു.