francis

കൊച്ചി: ഓഫീസിന് അവധിയാണെങ്കിൽ പഞ്ചായത്ത് പ്രസിഡന്റ് പണിസൈറ്റിൽ ഉണ്ടാകും, കോൺക്രീറ്റിംഗ് മേസ്തിരിയായി. എറണാകുളം ഞാറയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ടി. ഫ്രാൻസിസ് അറുപത്തിയൊമ്പതാം വയസിൽ മേസ്തിരിപ്പണിയും ഭരണവും മിക്സുചെയ്താണ് ജീവിതം കുഴച്ചെടുക്കുന്നത്.

43 വർഷംമുമ്പ് നിർമ്മാണ ജോലിക്കിറങ്ങുമ്പോൾ കോൺഗ്രസുകാരനായിരുന്നു എന്നതൊഴിച്ചാൽ കാര്യമായ മറ്റ് പൊതുപ്രവർത്തനം ഉണ്ടായിരുന്നില്ല. ഇത് മൂന്നാംതവണയാണ് ജനപ്രതിനിധിയാകുന്നത്. 2000ൽ ആദ്യ ഊഴത്തിൽ പാർട്ടിയുമായി കലഹിച്ച് സ്വതന്ത്രനായി മത്സരിച്ചു. സ്വന്തംവാർഡിലെ സ്ഥാനാർത്ഥി നിർണയത്തിനെതിരായ പ്രതിഷേധമായിരുന്നു കാരണം. 17 വോട്ടിനായിരുന്നു വിജയം. 2010ൽ കൈപ്പത്തി ചിഹ്നത്തിൽ 186 വോട്ടിന്റെ ഭൂരിപക്ഷംനേടി. 2020ൽ വീണ്ടും പാർട്ടിയുമായി കലഹിച്ച് സ്വതന്ത്രനായി മത്സരിച്ചു. 16 അംഗ ഭരണസമിതിയിൽ ഇരുമുന്നണികളും ഒപ്പത്തിനൊപ്പമെത്തിയപ്പോൾ ഇടതുപക്ഷം ചേർന്നു. പ്രസിഡന്റായെങ്കിലും തൊഴിൽ ഉപേക്ഷിക്കാൻ തയ്യാറായില്ല. അവധി ദിവസങ്ങളിൽ പണിക്കിറങ്ങും. മറ്റുള്ള മേസ്തിരിമാർ 1100 രൂപ ദിവസക്കൂലി വാങ്ങുമ്പോൾ പഞ്ചായത്ത് പ്രസിഡന്റ് 1000 രൂപയ്ക്ക് ജോലിചെയ്യും.

ചെറുപ്പംമുതൽ സൈക്കിളിലാണ് യാത്ര. ഓഫീസിൽ പോകുന്നതും ജനങ്ങളുടെ ക്ഷേമം അന്വേഷിച്ച് ഇറങ്ങുന്നതുമൊക്കെ സൈക്കിളിൽത്തന്നെ. അറുപത്തിയൊമ്പതാം വയസിലും ആരോഗ്യദൃ‌ഢഗാത്രനായിരിക്കുന്നതിന്റെ രഹസ്യം പതിറ്റാണ്ടുകൾ പിന്നിട്ട സൈക്കിൾ സവാരിയാണെന്ന് ഫ്രാൻസിസ് പറയും. ഡെയ്സിയാണ് ഭാര്യ. മക്കൾ: പ്രിൻസ്, പ്രീജ, പ്രൈജു. മരുമക്കൾ: റൈജു, കീർത്തി. ആൺമക്കൾ രണ്ടുപേരും മേസ്തിരിപ്പണിയിൽ പിതാവിനൊപ്പമുണ്ട്.