
കൊച്ചി: കഴിഞ്ഞ പുതുവത്സര ദിനത്തിൽ കൊച്ചിയെ കണ്ണീരിലാഴ്ത്തി കൂട്ടക്കൊലപാതകവും ആത്മഹത്യാ ശ്രമവും നടന്ന കേസിൽ നിർണായക വഴിത്തിരിവ്. സാമ്പത്തിക പ്രതിസന്ധിയിലായ കുടുംബനാഥനെ നിരന്തരം ഭീഷണിപ്പെടുത്തി കൂട്ടക്കൊലപാതകത്തിലേക്ക് നയിച്ച കൊള്ളപ്പലിശക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം കരുമല്ലൂർ പിരേലക്കമറ്റത്തിൽ വീട്ടിൽ ജോമോൻ (49) ആണ് പിടിയിലായത്. കടവന്ത്രയിൽ പൂക്കച്ചവടം നടത്തിവരികയായിരുന്ന തമിഴ്നാട് സ്വദേശി നാരായണയാണ് ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ജോമോന്റെ വീട്ടിൽ നിന്ന് നാരായണ ഒപ്പിട്ടു നൽകിയ മുദ്രപ്പത്രങ്ങളും ചെക്കുകളും കണ്ടെടുത്തു. നിരവധിപ്പേർ ഇയാളിൽ നിന്ന് പണം പലിശയ്ക്ക് വാങ്ങിയിട്ടുണ്ടെന്നാണ് അറിയുന്നത്. 'കുബേര കുറ്റം' ചുമത്തിയാണ് അറസ്റ്റ്.
കടവന്ത്രയിലും പാലയിലും മറ്റും ഹോൾസെയിൽ പൂക്കച്ചവടം നടത്തിയിരുന്ന നാരായണ സാമ്പത്തിക ബാദ്ധ്യതയെ തുടർന്ന് 20 ലക്ഷം രൂപ ജോമോന്റെ കൈയിൽ നിന്ന് പലിശയ്ക്ക് എടുത്തിരുന്നു. മൂന്നര ലക്ഷം രൂപ പലിശയിനത്തിൽ മുൻകൂറായി കൈപ്പറ്റിയാണ് പണം കൈമാറിയത്. 20 ലക്ഷം രൂപ അഞ്ച് മാസത്തിനകം തിരിച്ചടയ്ക്കണമെന്നായിരുന്നു വ്യവസ്ഥ. കൊവിഡ് വ്യാപനത്തോടെ നാരായണയ്ക്ക് പണം തിരിച്ചടയ്ക്കാൻ കഴിഞ്ഞില്ല. ഇതോടെ ജോമോൻ നിരന്തരം ഭീഷണിപ്പെടുത്താൻ തുടങ്ങി. കടുത്ത സാമ്പത്തിക ബാദ്ധ്യതയുടെ സമ്മർദ്ദം താങ്ങാനാവാതെ നാരായണ ഭാര്യയെയും മക്കളേയും കൊലപ്പെടുത്തി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. നാരായണയെ പിന്നീട് പൊലീസ് ആശുപത്രിയിൽ എത്തിക്കുകയും ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരികയും ചെയ്തിരുന്നു.
സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച് നാഗരാജുവിന്റെ നിർദ്ദേശപ്രകാരം ഡി.സി.പി വി.യു കുര്യാക്കോസിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് കേസിലെ കൊള്ളപ്പലിശ ഇടപാട് തിരിച്ചറിഞ്ഞത്. എറണാകുളം സൗത്ത് സി.ഐ ഫൈസലിന്റെ നേതൃത്വത്തിലാണ് കോട്ടയത്ത് നിന്ന് ജോമോനെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. കൊലപാതക കേസിൽ അറസ്റ്റിലായ നാരായണ ജില്ലാ ജയിലിലാണ്.