ആലങ്ങാട്: ലഹരി മാഫിയകൾക്കെതിരേ കരുമാല്ലൂർ പഞ്ചായത്തിൽ കർമ്മസേന രൂപീകരിച്ചു. മാഞ്ഞാലി മാട്ടുപുറത്തു ഗുണ്ടകൾ സഹോദരങ്ങളെ വീടുകയറി വെട്ടിപ്പരുക്കേൽപ്പിച്ച സംഭവത്തിൽ പ്രതിഷേധിച്ചു ചേർന്ന സർവകക്ഷി യോഗ തീരുമാന പ്രകാരമാണിത്. ലഹരി മാഫിയക്കെതിരെ നിരീക്ഷണം നടത്തി അധികൃതർക്ക് വിവരങ്ങൾ നൽകുക, ലഹരി ഉപയോഗത്തിൽ നിന്ന് കുട്ടികളെയും യുവാക്കളെയും പിന്തിരിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിക്കുക തുടങ്ങിയവയാണ് കർമ്മസേനയുടെ ലക്ഷ്യം. പഞ്ചായത്ത് പ്രസിഡന്റ് ശ്രീലത ലാലുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കർമ്മസേന യോഗത്തിൽ കൊച്ചിൻ കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണർ വി.എ. മൊയ്തീൻ നൈന, മാഞ്ഞാലി സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ. സി.കെ. റഫീഖ്, പഞ്ചായത്ത് അംഗം സബിത നാസ്സർ, അഡ്വ. ഹാഷിം പാലച്ചുവട്, റിട്ട. തഹസിൽദാർ എ.എം. അബ്ദുൽ സലാം, വി.സി. അഭിലാഷ്, എം.എ. മഹേശൻ, എ.ബി. അബ്ദുൽ ഖാദിർ എന്നിവർ പങ്കെടുത്തു.