കൊച്ചി: മുസ്ളിം മഹല്ല് ജമാഅത്ത് അംഗങ്ങൾക്ക് ഭരണസമിതികൾ പ്രഖ്യാപിതമായോ അപ്രഖ്യാപിതമായോ ഉൗരുവിലക്ക് കല്പിക്കുന്നത് ഭരണഘടന ഉറപ്പു നൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് ഹൈക്കോടതി. കക്കാട്ടിരി ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റിയംഗമായ പാലക്കാട് ഒറ്റപ്പാലം സ്വദേശി പി.വി. കാസിം നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എസ്.വി. ഭട്ടി, ജസ്റ്റിസ് എ. ബദറുദ്ദീൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. മഹല്ല് കമ്മിറ്റി ഉൗരുവിലക്കിയതിനെതിരെ ഹർജിക്കാരൻ വഖഫ് ബോർഡിനെയും വഖഫ് ട്രിബ്യൂണലിനെയും സമീപിച്ചിരുന്നു. എന്നാൽ വിലക്കുണ്ടെന്ന് തെളിയിക്കാൻ ഹർജിക്കാരനു കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടി അപേക്ഷകൾ തള്ളി. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.