
കൊച്ചി: സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി വിദ്യാകിരണം പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച ജില്ലയിലെ ആറു സ്‌കൂൾ കെട്ടിടങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് രാവിലെ 11.30ന് നാടിന് സമർപ്പിക്കും.
ജി.വി.എച്ച്.എസ്.എസ് പല്ലാരിമംഗലം, ജി.ജി.എച്ച്.എസ്.എസ് നോർത്ത് പറവൂർ, ജി.യു.പി.എസ് കണ്ടന്തറ, ജി.എൽ.പി.എസ് വളയൻചിറങ്ങര, ജി.യു.പി.എസ് കുമ്പളങ്ങി, ജി.വി.എച്ച്.എസ്.എസ് മാതിരപ്പിള്ളി എന്നീ സ്‌കൂളുകളിലാണ് കെട്ടിടങ്ങൾ പൂർത്തിയായത്.
തിരുവനന്തപുരം പൂവച്ചൽ ജി.വി.എച്ച് എസ് എസിൽ സംസ്ഥാനതല ഉദ്ഘാടനം നടക്കും. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അദ്ധ്യക്ഷനാകും. മറ്റിടങ്ങളിൽ വീഡിയോ കോൺഫറൻസ് വഴി പ്രാദേശികമായി ഉദ്ഘാടന ചടങ്ങ് നടത്തും.
പല്ലാരിമംഗലം ജി.വി.എച്ച്.എസ്.എസ്
2020 ൽ ആരംഭിച്ച ഹൈസ്‌കൂൾ നിർമ്മാണ പ്രവർത്തനങ്ങൾ മൂന്നു കോടി ചെലവിലാണു പൂർത്തിയാക്കിയത്. മൂന്നു നിലകളിൽ ഒൻപത് ഹൈ ടെക് ക്ലാസ് മുറികളും എല്ലാ നിലകളിലും ടോയ്‌ലറ്റുകളും ഒരുക്കിയിട്ടുണ്ട്. ഹയർ സെക്കൻഡറി വിഭാഗത്തിൽ 15 ക്ലാസ് മുറികളുണ്ട്.
പറവൂർ ഗവ. ഗേൾസ് എച്ച്.എസ്.എസ്
ഒന്നരക്കോടി രൂപയുടെ സർക്കാർ പ്ലാൻ ഫണ്ട് ഉപയോഗിച്ചാണ് ഹൈ ടെക് കെട്ടിടം നിർമ്മിച്ചത്. രണ്ടു നിലകളിലായി അഞ്ച് സ്മാർട്ട് ക്ലാസ് മുറികളും ഒരു സ്റ്റാഫ് റൂമും നാല് ടോയ്‌ലറ്റുകളുമുണ്ട്.
കണ്ടന്തറ ജി.യു.പി സ്‌കൂൾ
അര നൂറ്റാണ്ട് പിന്നിട്ട കണ്ടന്തറ സ്കൂളിൽ പുതുതായി എട്ട് ക്ലാസ് മുറികളാണ് തയ്യാറാക്കിയത്. ഒരു കോടി രൂപ സർക്കാർ പ്ലാൻ ഫണ്ടിലാണ് കെട്ടിടവും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയത്. സ്മാർട് ക്ലാസ് റൂമുകൾ സജ്ജമാക്കുന്നതിനാവശ്യമായ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
ജി.എൽ.പി.എസ് വളയൻചിറങ്ങര
സർക്കാർ പ്ലാൻ ഫണ്ടിൽ നിന്ന് 1.8 കോടി രൂപ ഉപയോഗിച്ചാണ് പുതിയ കെട്ടിടം നിർമ്മിച്ചത്. മൂന്ന് ക്ലാസ് മുറികൾ, ലൈബ്രറി, ലാബ്, വായനാമുറി ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ടോയ്‌ലറ്റുകളും ഉൾപ്പെടുന്നതാണ് പുതിയ കെട്ടിടം.
കുമ്പളങ്ങി ജി.യു.പി സ്‌കൂൾ
അഞ്ചു പുതിയ ക്ലാസ് മുറികൾ, പുതിയ ഓഫീസ്, സ്റ്റാഫ് റൂം, ശുചിമുറികൾ എന്നിവയാണ് നിർമ്മിച്ചത്. സർക്കാരിന്റെ ഒരു കോടി രൂപ പ്ലാൻ ഫണ്ട് ഉപയോഗിച്ചു. ഹൈടെക്ക് ക്ലാസ് മുറികളായി മാറ്റാവുന്ന തരത്തിലാണു കെട്ടിട നിർമ്മാണം.
മാതിരപ്പിള്ളി ഗവ. വി.എച്ച്.എസ്.എസ്
സർക്കാരിന്റെ പ്ലാൻ ഫണ്ടിൽ നിന്ന് 1.5 കോടി ഉപയോഗിച്ചാണു പുതിയ കെട്ടിടം സജ്ജമാക്കിയത്. മൂന്നു നിലകളിലായി അത്യാധുനിക നിലവാരത്തിലുള്ള നാല് ക്ലാസ് മുറികൾ, ഫിസിക്‌സ് കെമിസ്ട്രി ലാബുകൾ, ഒരു സ്റ്റാഫ് റൂം, ഒരു ഓഫീസ് റൂം, മൂന്നു ശുചിമുറികൾ എന്നിവ നിർമ്മിച്ചു.