v

10 കോടിയുടെ നഷ്ടം

കളമശേരി: കിൻഫ്ര വ്യവസായ പാർക്കിലെ ഗ്രീൻ ലീഫ് എക്സ്ട്രാക്‌ഷൻസ് കമ്പനിയുടെ മൂന്ന് നില കെട്ടിടം ഇന്നലെ രാവിലെ 6 മണിയോടെയുണ്ടായ തീ പിടിത്തത്തിൽ പൂർണമായി കത്തി നശിച്ചു. കെട്ടിടവും ഉപകരണങ്ങളും അകത്ത് കിടന്നിരുന്ന വാഹനവും കത്തിനശിച്ചു. രണ്ടു പ്ലാന്റ് ജീവനക്കാരും ഒരു സെക്യൂരിറ്റി ജീവനക്കാരനുമാണ് അപകട സമയം കെട്ടിടത്തിൽ ഉണ്ടായിരുന്നത്. ഇവർക്ക് പരിക്കില്ല. 10 കോടി രൂപയുടെ നഷ്ടം സംഭവിച്ചെന്നാണ് പ്രാഥമിക നിഗമനം.

വിവരമറിഞ്ഞ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഫയർ ഫോഴ്സ് യൂണിറ്റ് അംഗങ്ങൾ എത്തി ഉച്ചയോടെ തീ അണച്ചു. ഏലൂർ സ്റ്റേഷൻ ഓഫീസർ രഞ്ജിത് കുമാറിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.

18 ജീവനക്കാരുള്ള കമ്പനി മൂന്നു ഷിഫ്റ്റുകളിലായി 24 മണിക്കൂറും പ്രവർത്തിക്കുന്നതാണ്. സുഗന്ധവ്യഞ്ജനങ്ങളിൽ നിന്ന് സത്തെടുക്കുന്ന പ്രവർത്തനമാണ് ഇവിടെ നടക്കുന്നത്. ഇതിനായി ഈതൈൽ അസറ്റേറ്റ് എന്ന സോൾവെന്റ് ഉപയോഗിക്കുന്നുണ്ട്. ഇത് എളുപ്പത്തിൽ തീ പിടിക്കുന്ന വസ്തുവാണ്. കങ്ങരപ്പടിയിൽ താമസിക്കുന്ന തൃശൂർ സ്വദേശി രാമകൃഷ്ണനാണ് കമ്പനിയുടമ.

അഗ്നിശമന സേനയുടെ കാര്യക്ഷമമായ പ്രവർത്തനം തീപിടിത്തമുണ്ടായ കമ്പനിയോട് ചേർന്നുള്ള മൂന്നു കമ്പനികളിലേക്ക് തീ പടരാതെ തടഞ്ഞു. കെയ്റോൺ കമ്പനി, കൊവിഡ് ടെസ്റ്റ് നടത്തുന്ന യൂബയോ ടെക്നോളജി സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡ്, ടാഗ് കെമിക്കൽസ് എന്നിവയാണ് സമീപത്തുള്ളത്. കൈകാലുകൾക്ക് പൊള്ളലേൽക്കുകയും കണ്ണിൽ പുകച്ചിൽ അനുഭവപ്പെടുകയും ചെയ്ത 65 അനിശമന സേനാംഗങ്ങളെ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി.