mediaone

കൊച്ചി: മീഡിയ വൺ ചാനൽ സംപ്രേഷണം തടഞ്ഞ കേന്ദ്ര സർക്കാർ ഉത്തരവ് സിംഗിൾബെഞ്ച് ശരിവച്ചതിനെതിരെ ചാനൽ ഉടമകളായ മാദ്ധ്യമം ബ്രോഡ്‌കാസ്റ്റിംഗ് ലിമിറ്റഡും ചാനൽ ജീവനക്കാരും കേരള പത്രപ്രവർത്തക യൂണിയനും ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകി. ഇന്നു പരിഗണിച്ചേക്കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സുരക്ഷാ ക്ളിയറൻസ് ഇല്ലെന്ന് ചൂണ്ടിക്കാട്ടി ജനുവരി 31നാണ് സംപ്രേഷണം അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാർ ഉത്തരവിട്ടത്.

ചാനലിന് കേന്ദ്ര സർക്കാർ നൽകിയ അനുമതി 2021 സെപ്തംബർ 29ന് കഴിഞ്ഞതോടെ പുതുക്കാൻ അപേക്ഷ നൽകിയിരുന്നു. ഇതിൽ തീരുമാനമെടുക്കാതെ കേബിൾ ടി.വി നെറ്റ്‌വർക്ക് ചട്ടപ്രകാരം നടപടിയെടുക്കാതിരിക്കാൻ കാരണം കാണിക്കണമെന്ന നോട്ടീസ് നൽകി. ഇതിനു നൽകിയ മറുപടി പരിഗണിക്കാതെ സംപ്രേഷണം തടയുകയായിരുന്നെന്ന് അപ്പീലിൽ പറയുന്നു.

ചാനലുകളുടെ അനുമതി പുതുക്കാൻ സുരക്ഷാ ക്ളിയറൻസ് വേണമെന്ന് അപ് ലിങ്കിംഗ് പോളിസി വ്യവസ്ഥകളിൽ പറയുന്നില്ല. ഇക്കാര്യം സിംഗിൾബെഞ്ച് ഗൗരവമായി പരിഗണിച്ചില്ലെന്നും അപ്പീലിൽ വ്യക്തമാക്കിയിട്ടുണ്ട്. സിംഗിൾബെഞ്ച് വിധി റദ്ദാക്കണമെന്നും അപ്പീലിൽ തീർപ്പാകുന്നതുവരെ വിധി നടപ്പാക്കുന്നതു സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.