തോപ്പുംപടി: അഞ്ചു കോടി മുടക്കി മുണ്ടൻവേലിയിൽ ആരംഭിച്ച മത്സ്യ കൂടുകൃഷിയിലെ മത്സ്യങ്ങൾ കൂട്ടത്തോടെ നശിക്കുന്നു. കൃഷിക്കായൊരുക്കിയ വെള്ളം മാറ്റാത്തതാണ് പ്രതിസന്ധിക്ക് കാരണം. വർഷങ്ങൾക്കു മുമ്പ് എൻ.വേണുഗോപാൽ ജി.സി.ഡി.എ ചെയർമാനായിരുന്ന സമയത്താണ് മുണ്ടംവേലിയിൽ മൽസ്യ കൂടുകൃഷി ആരംഭിച്ചത്. വെള്ളം മലിനമായതിനാൽ മീനുകൾ പലതും വെള്ളത്തിനു മുകളിൽ പൊന്തി നിൽക്കുകയാണ്. ഇതോടെ പരുന്തും കൊക്കും ഇവയെ ഇരയാക്കും. ഇപ്പോൾ നാട്ടുകാരും കൂട്ടത്തോടെ എത്തി മീനുകളെ പിടിച്ചു കൊണ്ടു പോവുകയാണ്.

കാളാഞ്ചി, കരിമീൻ, പൂമീൻ എന്നീ മീനുകളാണ് ഇവിടെ ഉള്ളത്. ഏക്കറ് കണക്കിന് സ്ഥലത്ത് കൂട് കൃഷി കൂടാതെ ബോട്ടിംഗ്, പാർക്ക്, വൈകുന്നേര സമയങ്ങളിൽ നാട്ടുകാർക്ക് വന്നിരിക്കാനുള്ള സൗകര്യങ്ങൾ എന്നിവ ഒരുക്കാനായിരുന്നു ജി.സി.ഡി.എ യുടെ പദ്ധതി. എന്നാൽ എൻ.വേണുഗോപാൽ സ്ഥാനം ഒഴിഞ്ഞതോടെ പദ്ധതിയും വെളളത്തിലായി. ചീഞ്ഞ് മലിനമായ വെള്ളത്തിൽ കിടന്ന് ഇതിനോടകം നിരവധി മീനുകളും ചത്തൊടുങ്ങി.

മുൻ കാലങ്ങളിൽ ജി.സി.ഡി.എ യുടെ നേതൃത്വത്തിൽ ഇവിടെ നിന്ന് മീനുകളെ പിടിച്ച് നാട്ടുകാർക്ക് വിൽപ്പന നടത്തിയിരുന്നു. നിയമകാരം ഇവിടത്തെ മീനുകളെ നാട്ടുകാർക്ക് പിടിക്കാൻ അനുവാദമില്ല. ഏക്കറ് കണക്കിന് സ്ഥലം സ്വകാര്യ വ്യക്തികൾക്ക് ലീസിന് നൽകിയാൽ ജി.സി.ഡി.എയ്ക്ക് അതൊരു വരുമാനമാർഗമാകുമെന്നാണ് സാംസ്കാരിക സംഘടനകൾ പറയുന്നു. പുതുതായി നിയമിതനായ ചെയർമാൻ ഇതിനു വേണ്ടി അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാണ് ആവശ്യം.