തൃപ്പൂണിത്തുറ: കേട്ട് പഠിച്ച ബൈബിൾ വാക്യങ്ങൾ മണി മണിയായി അവതരിപ്പിച്ചപ്പോൾ കൊച്ചു മിടുക്കി സാറ മേരി റിജോ എന്ന ആറു വയസുകാരിയെ തേടിയെത്തിയത് ഇന്ത്യൻ ബുക്ക് ഒഫ് റെക്കാഡ് അംഗീകാരം. തൃപ്പൂണിത്തുറ പള്ളിപറമ്പ്കാവ് റോഡിൽ പ്രിയാ നഗറിൽ കൊച്ചി ഭദ്രാസനത്തിലെ നടമേൽ സെന്റ് മേരീസ് റോയൽ മെട്രോപ്പോലീത്തൻ പള്ളി വികാരി ഫാ.റിജോ ജോർജ് കൊമരിക്കലിന്റെയും സൗത്ത് ഇന്ത്യൻ ബാങ്ക് വൈക്കം ബ്രാഞ്ചിലെ ഉദ്യോഗസ്ഥയുമായ അനീറ്റ സൂസന്റെയും മകളാണ് സാറ.
ബൈബിളിലെ സങ്കീർത്തനത്തിലെ വിവിധ അദ്ധ്യായങ്ങളിലെ വാക്യങ്ങൾ ഒരു മിനിറ്റും 13 സെക്കന്റും കൊണ്ട് കാണാതെ പറയും. ജനുവരി 22നാണ് സാറായ്ക്ക് അംഗീകാരം ലഭിച്ചതായി അറിയിപ്പ് വന്നത്. എന്നാൽ മെഡലും സർട്ടിഫിക്കറ്റും കൊറിയർ വഴി രണ്ടു ദിവസം മുമ്പാണ് വീട്ടിൽ എത്തിയത്.
വീട്ടിൽ കുടുംബ പ്രാർത്ഥനക്കിടയിൽ ബൈബിൾ വായിക്കുന്നത് സാറ ശ്രദ്ധയോടെ കേട്ടിരിക്കുമായിരുന്നു. കേട്ട ബൈബിൾ വാക്യങ്ങൾ സാറ കാണാതെ ഉരുവിടുന്നത് മനസിലാക്കിയ അമ്മാമ്മ മേരി ചെറുപ്പം മുതൽക്കെ വചനം പഠിപ്പിക്കുവാൻ തുടങ്ങി. ഇതിനിടയിൽ യാദൃശ്ചികമായാണ് ഓൺലൈനിൽ നടന്ന മൽസരത്തിൽ പങ്കെടുത്തത്. സങ്കീർത്തനം 1,23,117,133 എന്നീ നാല് അദ്ധ്യായങ്ങൾ കാണാതെ പഠിച്ച് ഈണത്തിൽ ഉരുവിട്ട് മൽസരത്തിൽ പങ്കെടുത്തു. തിരുവാങ്കുളം ജോർജിയൻ അക്കാഡമി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ്.