കൊച്ചി: കൊതുക് നിവാരണത്തിനായി കൂടുതൽ സന്നാഹങ്ങളുമായി കൊച്ചി കോർപ്പറേഷൻ. കൊതുകിനെ തുരത്തുന്നതിന് ജനപങ്കാളിത്തത്തോടെ ശാസ്ത്രിയ രീതികൾ അവലംബിക്കാനാണ് തീരുമാനം. ഇതിന് മുന്നോടിയായി വെക്ടർ കൺട്രാൾ ഓഫീസറുടെ നേതൃത്വത്തിൽ സീനിയർ എൻഡമോളജിസ്റ്റുകൾ ഉൾപ്പെടുന്ന സംഘം രൂപീകരിക്കും. രണ്ട് ലാബോറട്ടറികളും സ്ഥാപിക്കും.
കൊതുകിന്റെ പ്രജനനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സെപ്ടിക് ടാങ്കുകളും കാനകളും വെന്റ് പൈപ്പുകളും നിരീക്ഷിക്കാൻ പൊതുജന പങ്കാളിത്തോടെ കർമ്മപദ്ധതി നടപ്പാക്കണമെന്ന് വെക്ടർ കൺട്രോൾ റിസർച്ച് സെന്റർ (വി.സി.ആർ.സി ) ഡയറക്ടർ ഡോ. അശ്വനികുമാർ നിർദ്ദേശിച്ചു. കൊതുക് നിയന്ത്രണ പ്രവർത്തനങ്ങൾക്കുള്ള തന്ത്രങ്ങളെ കുറിച്ച് ആലോചിക്കാൻ മേയർ എം. അനിൽകുമാറിന്റെ അദ്ധ്യക്ഷതയിൽ ഓൺലൈനായി ചേർന്ന യോഗത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. കൊതുക് നിവാരണ പ്രവർത്തനങ്ങളിൽ വി.സി.ആർ.സി കോർപ്പറേഷനുമായി യോജിച്ചു പ്രവർത്തിക്കാൻ ധാരണയായി. 90 കളുടെ അവസാനഘട്ടത്തിലും ഇരുകൂട്ടരും ചേർന്ന് പ്രവർത്തിച്ചിരുന്നതായി മേയർ എം. അനിൽകുമാർ പറഞ്ഞു.
ഹെൽത്ത് ചെയർമാൻ ടി.കെ. അഷ്റഫിന്റെ നേതൃത്വത്തിൽ രൂപം നൽകിയ കർമ്മപദ്ധതിയുടെ ഭാഗമായി ഇപ്പോൾ കൊതുക് വളരുന്ന ഇടങ്ങളിലും ഫോഗിംഗും പവർ സ്‌പ്രേയിംഗും നടന്നുവരുന്നുണ്ട്. പുതുതായി ജീവനക്കാരെ നിയമിക്കുന്നതിൽ പരിമിതകളുണ്ടെങ്കിലും പ്ലാൻ ഫണ്ടും സി.എസ്.ആർ. ഫണ്ടും കൊതുക് നിവാരണ പ്രവർത്തനങ്ങൾക്കായി ലഭ്യമാക്കുമെന്ന് മേയർ അറിയിച്ചു. കൊതുക് നശീകരണത്തിനായി പ്രയോഗിക്കുന്ന മരുന്നുകൾ, കൊതുകുകളുടെ തരംതിരിവ്, പ്രജനന രീതി മനസ്സിലാക്കിയുളള നിയന്ത്രണം എന്നീ പ്രവർത്തനങ്ങളിൽ മേയർ വി.സി.ആർ.സി.യുടെ സഹായം തേടി. ഡോ. എ.എൻ. ശ്രീറാം, ഡോ. കെ.എൻ. പണിക്കർ, ഹെൽത്ത് ചെയർമാൻ ടി.കെ. അഷറഫ് എന്നിവരും യോഗത്തിൽ പങ്കെടുത്തു.